കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ അനിശ്ചിതത്വം പരിഹരിക്കുവാനായി വിവിധ രാജ്യങ്ങളിലെ പ്രവാസികളെ ഏകോപിപ്പിച്ചു കൊണ്ട് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഗ്ലോബല്‍ പാസ്സേഞ്ചര്‍സ് എന്ന പേരില്‍ വാട്‌സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചു. ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനും ദീര്‍ഘകാല പ്രവാസിയും ആയ എം.പി സലീമിന്റെ നേതൃത്വത്തിലാണ് 2023 ജൂണ്‍ അഞ്ചിന് വാട്‌സ്ആപ് കൂട്ടായ്മ നിലവില്‍ വന്നത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുമായി മുന്‍ കേന്ദ്രമന്ത്രി, മുന്‍ അംബാസഡര്‍, നോര്‍ക്ക ഭാരവാഹികള്‍, ജനപ്രതിനിധികള്‍, കേന്ദ്ര കേരള, കര്‍ണാടക, പോണ്ടിച്ചേരി സംസ്ഥാന ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന മൂവായിരത്തിലധികം അംഗങ്ങള്‍ മൂന്ന് ഗ്രൂപ്പുകളിലായി ചേരുകയുണ്ടായി.
2018 ഡിസംബര്‍ ഒന്‍പതിനു പ്രവര്‍ത്തനം ആരംഭിച്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ പത്ത് മാസത്തിനകം പത്ത് ലക്ഷം പേര്‍ യാത്ര ചെയ്യുകയും അന്‍പത് പ്രതിദിന സര്‍വീസുകള്‍ ആഴ്ചയില്‍ 65 അന്താരാഷ്ട്ര സര്‍വീസുകള്‍ എന്നിവ നടത്തുകയും ചെയ്തു. 2021 ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ഏറ്റവുമധികം അന്തരാഷ്ട്ര യാത്രക്കാര്‍ ഉപയോഗിച്ച ഇന്ത്യയിലെ ആദ്യ പത്ത് വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച കണ്ണൂര്‍ എയര്‍പോര്‍ട്ട് ഇന്ന് അവഗണനയുടെ വക്കിലാണ്. ഇത്രയധികം സൗകര്യവും സാധ്യതകളും ഉള്ള കണ്ണൂര്‍ വിമാനത്താവളത്തില്‍ ചുരുക്കം ഇന്ത്യന്‍ വിമാനങ്ങള്‍ മാത്രമാണ് ഇന്ന് സര്‍വീസ് നടത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഡോക്ടര്‍ എം.പി ഹസ്സന്‍ കുഞ്ഞിയുമായി ജൂണ്‍ 17ന് എം.പി സലീമിന്റെ അധ്യക്ഷതയില്‍ ദോഹയില്‍ വച്ച് പ്രാഥമിക ചര്‍ച്ച നടന്നു.
ഏകദേശം 3000 കോടി രൂപ ചെലവില്‍ രണ്ടായിരത്തിലധികം ഏക്കര്‍ ഭൂമിയിലാണ് കണ്ണൂര്‍ എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. 64%, ഷെയര്‍ ഉള്ള ആറായിരത്തോളം പ്രവാസികളുടെയും സ്വകാര്യ വ്യക്തികളുടെ ഓഹരിയും, 26% സര്‍ക്കാര്‍ ഓഹരിയും, 10% ONGCയുടെ ആണെന്നും, കൂടാതെ തൊള്ളായിരം കോടി സര്‍ക്കാരില്‍ നിന്ന് കടമെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ മാനേജിങ് ഡയറക്ടര്‍ എയര്‍പോര്‍ട്ട് ചുമതല ഏറ്റെടുത്തിട്ടുണ്ടെന്നും പോയിന്റ് ഓഫ് കാള്‍ ഫെസിലിറ്റി ലഭ്യമാവുമെന്നും കാര്‍ഗോ സര്‍വീസ് ഇവിടെ നിന്ന് ഉണ്ടാവുമെന്നും തുടക്കത്തില്‍ 100 രൂപ ഉണ്ടായിരുന്ന ഷെയര്‍ വാല്യൂ 140ന്റെ മേലെ ആയെന്നും ഡോക്ടര്‍ എം.പി ഹസ്സന്‍ പറഞ്ഞു. ഒരു മിനിമം നമ്പര്‍ ഇല്ലാതെ എത്ര ഷെയര്‍ വേണമെങ്കിലും ആര്‍ക്കും വാങ്ങാമെന്നും ഈ കൂട്ടായ്മയുടെ ഇപ്പോഴത്തെ ഇടപെടലുകളും, പ്രവര്‍ത്തനങ്ങളും സമീപ ഭാവിയില്‍ ശുഭ പ്രതീക്ഷ തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗ്ലോബല്‍ പാസ്സഞ്ചേഴ്സ് സംഘടനയുടെ അടുത്ത കര്‍മ്മ പദ്ധതി ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് കേരള, കര്‍ണാടക, പോണ്ടിച്ചേരി, മുഖ്യമന്ത്രിമാര്‍ക്കും ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാര്‍ക്കും ഇത് സംബന്ധിച്ചു നിവേദനങ്ങള്‍ സമര്‍പ്പിക്കും. പ്രവാസികളെയും ഷെയര്‍ ഹോള്‍ഡേഴ്‌സിനെയൊക്കെ ഉള്‍പ്പെടുത്തി കൊണ്ട് കര്‍മ്മസമിതി രൂപീകരിക്കും. ജി.സി.സിയിലും ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളെയും ഉള്‍പ്പെടുത്തും. ഇതിനായി കേരള, കര്‍ണാടക, പോണ്ടിച്ചേരി, ഡല്‍ഹി എന്നിവിടങ്ങളില്‍ നേരിട്ട് പോയി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവുമായി ഇപ്പോള്‍ നിലനില്‍ക്കുന്ന വിഷയവുമായി ബന്ധപെട്ടു സഹകരിക്കുവാനും യാതൊരു പരിമിതിയും നോക്കാതെ കര്‍മ്മപഥത്തിലേക്ക് സന്നദ്ധരാകുവാന്‍ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഗ്ലോബല്‍ പാസ്സഞ്ചേര്‍സ് ചെയര്‍മാന്‍ എം.പി സലീമും ജനറല്‍ കണ്‍വീനറും ലോകകേരള സഭാംഗവും പ്രവാസി കൗണ്‍സില്‍ കേരള സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.കെ കബീര്‍ സലാലയും ജയന്ത് മാഹിയും വാര്‍ത്താസമ്മേളനത്തില്‍ പ്രവാസികളോടായി അഭ്യര്‍ത്ഥിച്ചു.