കടുത്ത കാലാവസ്ഥ; മണാലിയിൽ രക്ഷാദൗത്യം ശ്രമകരമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി

കടുത്ത കാലാവസ്ഥ; മണാലിയിൽ രക്ഷാദൗത്യം ശ്രമകരമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി

ഷിംല: പ്രളയക്കെടുതി അഭിമുഖീകരിക്കുന്ന ഹിമാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിനാളുകൾ കുടുങ്ങിക്കിടക്കുന്നു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. കടുത്ത കാലാവസ്ഥമൂലം വ്യോമമാർ​ഗവും റോഡ് മാർ​ഗവുമുള്ള രക്ഷാപ്രവർത്തനം ഏറെ സങ്കീർണമായിരിക്കുകയാണ്.

850 റോഡുകൾ ഇപ്പോഴും അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ സ്ഥിതി മെച്ചപ്പെടുന്നതുവരെ ഭൂരിഭാഗം വിനോദസഞ്ചാരികളെയും നിലവിൽ താമസിക്കുന്ന സ്ഥലങ്ങളിൽത്തന്നെ നിർത്താനാണ് തീരുമാനമെന്നാണ് വിവരം.

ലാഹോളിലെ ചന്ദ്രതാലിലും സ്പിതിയിലും കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ വ്യോമമാർഗം ഒഴിപ്പിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യമാണെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു പറഞ്ഞു. ലോസർ, ചന്ദ്രതാൽ എന്നീ പ്രദേശങ്ങളിൽ സ്ഥിതിഗതികൾ വിലയിരുത്താൻ വ്യോമനിരീക്ഷണം നടത്തിയതായും അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യം വിലയിരുത്താൻ മന്ത്രി ജഗത് സിങ് നേഗിയും സഞ്ജയ് അവസ്തിയും ചന്ദ്രതാലിലെത്തിച്ചേരുമെന്നും സുഖ്‌വിന്ദർ കൂട്ടിച്ചേർത്തു.

300 ഓളം പേർ ചന്ദ്രതാലിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരിൽ രണ്ട് മുതിർന്നവരും ഒരു പെൺകുട്ടിയുമടക്കം ഏഴ് രോഗികളെ ചൊവ്വാഴ്ച വ്യോമമാർഗം ഭുന്തറിലെത്തിച്ചു. ഇവരിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *