‘ആക്രമിച്ചവര്‍ ആയുധങ്ങള്‍ മാത്രം, തീരുമാനമെടുത്തവര്‍ ഇന്നും കാണാമറയത്ത് ‘; പ്രൊഫ. ടി.ജെ ജോസഫ്

‘ആക്രമിച്ചവര്‍ ആയുധങ്ങള്‍ മാത്രം, തീരുമാനമെടുത്തവര്‍ ഇന്നും കാണാമറയത്ത് ‘; പ്രൊഫ. ടി.ജെ ജോസഫ്

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് കൈവെട്ട് കേസിലെ രണ്ടാംഘട്ട ശിക്ഷാ വിധിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് പ്രൊഫ. ടി.ജെ ജോസഫ്. തന്നെ ആക്രമിച്ചവര്‍ ആയുധങ്ങള്‍ മാത്രമാണെന്നും ശിക്ഷിക്കപ്പെട്ടിരിക്കുന്ന പ്രതികളും തന്നെ പോലെ ഇരകളാണ്. ഇതിന് തീരുമാനമെടുത്ത യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും കാണാമറയത്താണെന്നും പ്രതികള്‍ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞാല്‍ ഇരയ്ക്ക് നീതി ലഭിച്ചുവെന്ന വിശ്വാസം തനിക്കില്ലെന്നും ശിക്ഷാ വിധി വരുമ്പോള്‍, സാധാരണ പൗരനെ പോലെയുള്ള കൗതുകം മാത്രമാണ് തനിക്കുള്ളത്. മുഖ്യപ്രതിയെ പിടിക്കാനാകാത്തത് നിയമ വ്യവസ്ഥയ്ക്കുള്ള പ്രശ്‌നമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പ്രൊഫ. ടി ജെ ജോസഫിന്റെ വാക്കുകള്‍

‘2015 ല്‍ ആദ്യഘട്ട വിധി വന്നപ്പോള്‍ പറഞ്ഞതേ ഇപ്പോഴും പറയാനുള്ളു. പ്രതികളെ ശിക്ഷിക്കുന്നതില്‍ ഉത്ക്കണ്ഠയില്ല. സാധാരണ പൗരനെ പോലെ കൗതുകമേയുള്ളു. രാജ്യത്തിന്റെ നീതി നടപ്പാക്കുന്നുവെന്ന് മാത്രം. പ്രതികളെ ശിക്ഷിച്ചതില്‍ പ്രത്യേകിച്ച് ഇഷ്ടമോ ഇഷ്ടക്കേടോ ഇല്ല. പ്രതികളും എന്നെപ്പോലെ തന്നെ ഇരയാക്കപ്പെട്ടവരാണ്. പ്രാകൃതമായ നിയമത്തിന്റെ പേരിലാണ് അവരെന്നെ ഉപദ്രവിച്ചത്. ഇതുപോലുള്ള പ്രാകൃത രീതികളില്‍ നിന്നും എല്ലാവര്‍ക്കും മോചനം ലഭിക്കണം. പ്രതിയെ ശിക്ഷിച്ചത് കൊണ്ട് ഇരയ്ക്ക് നീതി ലഭിക്കുന്നുവെന്നത് മിഥ്യാധാരണയാണ്. രാജ്യത്തിന്റെ നിയമം നടപ്പാക്കപ്പെടുന്നുവെന്ന് മാത്രമേ പറയാന്‍ സാധിക്കുകയുള്ളു. മുഖ്യപ്രതിയെ പിടിക്കാനാകാത്തത് നിയമവ്യവസ്ഥയ്ക്കുള്ള പ്രശ്‌നമാണ്. എന്നെ ഉപദ്രവിച്ചവരൊന്നും എന്നെ അറിയുന്നവരല്ല. ഈ പ്രതികളെല്ലാം മറ്റ് പലരുടേയും ആജ്ഞാനുവര്‍ത്തികള്‍ മാത്രമാണ്. ഇതിനെല്ലാം നിര്‍ദ്ദേശിച്ചവരാണ് യഥാര്‍ത്ഥ കുറ്റവാളികള്‍ അവരെ പിടിക്കാന്‍ സാധിച്ചിട്ടില്ല. അവരെല്ലാം കാണാമറയത്താണ്. ആരും എന്റെ ജീവിതം തകര്‍ത്തുവെന്ന് കരുതുന്നില്ല. ചില കാര്യങ്ങള്‍ ജീവിതത്തെ മാറ്റി മറിച്ചുവെന്ന് മാത്രമേ വിചാരിക്കുന്നുവുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആറ് പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ച സാഹചര്യത്തിലാണ് പ്രതികരണം. യു.എ.പി.എ ചുമത്തിയ കേസില്‍ കൊച്ചി എന്‍ഐഎ കോടതിയാണ് രണ്ടാം ഘട്ട വിധി പറഞ്ഞത്. സംഭവം ആസൂത്രണം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാവ് എം.കെ നാസര്‍, കുറ്റകൃത്യത്തിന് നേതൃത്വം കൊടുത്ത സവാദ് ഉള്‍പ്പെടെ പതിനൊന്നു പ്രതികളുടെ വിചാരണ നേരത്തേ പൂര്‍ത്തിയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *