അധ്യാപകന്റെ കൈ വെട്ടിയ കേസ്; രണ്ടാം ഘട്ട വിചാരണയില്‍ ആറ് പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷ നാളെ

അധ്യാപകന്റെ കൈ വെട്ടിയ കേസ്; രണ്ടാം ഘട്ട വിചാരണയില്‍ ആറ് പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷ നാളെ

കൊച്ചി: തൊടുപുഴ ന്യുമാന്‍ കോളജിലെ പ്രൊഫ. ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ രണ്ടാം ഘട്ട വിധി പ്രസ്താവിച്ച് എന്‍.ഐ.എ കോടതി. രണ്ടാം ഘട്ടത്തില്‍ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. സജില്‍, നാസര്‍, നജീബ്, നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവരാണ് കുറ്റക്കാര്‍. ഷഫീക്, അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, മന്‍സൂര്‍ എന്നീ അഞ്ച് പ്രതികളെ വെറുതെ വിട്ടു. ഭീകരപ്രവര്‍ത്തനം, വധശ്രമം, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞെന്ന് എന്‍.ഐ.എ കോടതി പറഞ്ഞു. ശിക്ഷ നാളെ വിധിക്കും ശിക്ഷിക്കപ്പെട്ട ആറ് പേരുടെയും ജാമ്യം റദ്ദാക്കി കാക്കനാട് ജയിലില്‍ പാര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
സംഭവത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന ആലുവ സ്വദേശിയും പോപ്പുലര്‍ഫ്രണ്ട് നേതാവ് എം.കെ നാസര്‍, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പതിനൊന്ന് പ്രതികളുടെ വിചാരണയാണ് പൂര്‍ത്തിയായത്. ആദ്യഘട്ടത്തില്‍ 37 പ്രതികളെ വിസ്തരിച്ച കോടതി 11 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. പ്രധാന പ്രതികളിലൊരാളായ അശമന്നൂര്‍ സവാദ് ഇപ്പോഴും ഒളിവിലാണ്. ആദ്യഘട്ട കുറ്റപത്രത്തിന് ശേഷം അറസ്റ്റിലായവരുടെ വിചാരണയാണ് രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്.

തൊടുപുഴ ന്യൂമാന്‍ കോളജിലെ ബികോം മലയാളം ഇന്റേണല്‍ പരീക്ഷക്ക് തയാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികള്‍ പ്രൊഫസര്‍ ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. ഇപ്പോള്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടാണ് കൃത്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമെന്നാണ് എന്‍.ഐ.എ കണ്ടെത്തിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *