ഹൃദയ ചികിത്സാ രംഗത്ത് നൂതന പാത വെട്ടിത്തുറന്ന് ഡോ.കുഞ്ഞാലി

ഹൃദയ ചികിത്സാ രംഗത്ത് നൂതന പാത വെട്ടിത്തുറന്ന് ഡോ.കുഞ്ഞാലി

  • പി.ടി നിസാര്‍
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, ശ്രീലങ്ക, ലക്ഷദ്വീപ്, മാലി ദ്വീപ്, നേപ്പാള്‍, അമേരിക്ക, ഇംഗ്ലണ്ട്, അയര്‍ലന്റ്, സ്വിറ്റ്‌സര്‍ലന്റ്, യു.എ.ഇ, ബഹറൈന്‍, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, ഫിജി ഐലന്റ്, സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നടക്കം രോഗികള്‍ അദ്ദേഹത്തെ തേടിയെത്താറുണ്ട്.
എല്ലാ ജീവിതങ്ങള്‍ക്കും മഹത്തായ നിയോഗങ്ങള്‍ ഉണ്ടെങ്കിലും എവിടെയോ വരുന്ന ഓര്‍മ്മതെറ്റ് പോലെ പലര്‍ക്കും ലക്ഷ്യം കാണാനാവാതെ വരും. എന്നാല്‍ നിയോഗങ്ങള്‍ മനുഷ്യ ജീവിതങ്ങള്‍ക്ക് പുതുവെളിച്ചം പകരുന്നതായാല്‍ അത് കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാവും.
നമുക്കിടയില്‍ മനുഷ്യ ജീവിതങ്ങള്‍ക്ക് താങ്ങും, തണലുമായി പരിലസിക്കുന്ന ഒരു മഹത് വ്യക്തിത്വമുണ്ട് അതാണ് ഡോ.കെ.കുഞ്ഞാലി. ഹൃദയ ചികിത്സാ രംഗത്ത് അദ്ദേഹം അമ്പത് വര്‍ഷം പിന്നിട്ടിരിക്കുന്നു. കോഴിക്കോട്ടും ഇടക്കാലത്ത് റിയാദിലും സേവനമനുഷ്ഠിച്ച് ഹൃദയ ചികിത്സാ രംഗത്ത് വേറിട്ട പാത തന്നെ അദ്ദേഹം വെട്ടിത്തുറന്നിരിക്കുകയാണ്. ഹൃദയത്തിന് ബ്ലോക്കുണ്ടായാല്‍ ശസ്ത്രക്രിയ തന്നെ വേണമെന്ന പരമ്പരാഗത വൈദ്യശാസ്ത്ര കാഴ്ചപ്പാടാണ് അദ്ദേഹം മാറ്റിക്കുറിച്ചത്. നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കാര്‍ഡിയോളജി ഡോക്ടറായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത്, ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവരെ ചികിത്സിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രൊഫസര്‍ തന്നെ പറഞ്ഞിരുന്നത് ബൈപാസ് സര്‍ജറി വേണമെന്നായിരുന്നു. ഹൃദയത്തിന് ബ്ലോക്കുണ്ടായാല്‍ അക്കാലത്ത് സര്‍ജറി മാത്രമായിരുന്നു  ചികിത്സാ രീതി. സര്‍ജറി ചെയ്യാന്‍ നിര്‍ദ്ദേശിച്ച്, സര്‍ജറി ചെയ്തവരില്‍ പലരും പിന്നീട്  ജീവിച്ചിരിപ്പില്ലെന്ന് പരിശോധിച്ചപ്പോള്‍ വ്യക്തമായി. എന്നാല്‍ സര്‍ജറി പേടിച്ചോ, പണമില്ലാതെയോ സര്‍ജറി ചെയ്യാതിരുന്നവര്‍ പലരും ജീവിച്ചിരിപ്പുള്ളതായും കണ്ടെത്താന്‍ കഴിഞ്ഞു. ഈ യാഥാര്‍ത്ഥ്യം ഡോക്ടറെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ഹൃദയത്തിന്റെ രക്തക്കുഴലുകള്‍ അടഞ്ഞു പോയാല്‍ അത് തുറക്കാന്‍ സാധിക്കില്ലെന്ന മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായം ശരിയാണോ എന്ന അന്വേഷണമായിരുന്നു പിന്നീട്. കാലമേറെക്കഴിഞ്ഞ് നടത്തിയ പഠനത്തിലൂടെ ഒരു കാര്യം അദ്ദേഹത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞു.
രണ്ടാം ലോക മഹായുദ്ധത്തില്‍ വെടിയേറ്റ് മരിച്ചവരും തടവിലാക്കപ്പെട്ട് മരിച്ചവരുമായ പട്ടാളക്കാരുണ്ടായിരുന്നു.അവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്, വെടിയേറ്റ് മരിച്ചവര്‍ക്ക് ഹൃദയത്തില്‍ രണ്ട് മൂന്ന് ബ്ലോക്കുകളുണ്ടായിരുന്നു. എന്നാല്‍ തടവിലാക്കപ്പെട്ട് ഭക്ഷണം വേണ്ടത്ര ലഭ്യമല്ലാതിരുന്ന പട്ടാളക്കാര്‍ക്ക് ഹൃദയത്തില്‍ ബ്ലോക്കില്ലായിരുന്നു. തടവിലാക്കപ്പെട്ടവര്‍ക്ക് ജയിലുകളില്‍ കഠിനമായ ജോലിയും ആവശ്യത്തിന് ഭക്ഷണവും ലഭിച്ചിരുന്നില്ല. യുദ്ധത്തില്‍ തടവുകാരായി പിടിക്കുമ്പോള്‍ അവര്‍ക്കുണ്ടായിരുന്ന തൂക്കം പില്‍ക്കാലത്ത് വളരെ കുറഞ്ഞിരുന്നു.
ഇതില്‍ നിന്നും ഭക്ഷണ നിയന്ത്രണം, വ്യായാമം, ആവശ്യത്തിനുള്ള മരുന്നും കഴിച്ചാല്‍ ബ്ലോക്ക് കുറയ്ക്കാനാവുമെന്ന് അദ്ദേഹം കണ്ടെത്തി. കാര്‍ഡിയോളജി ഡോക്ടറായിരുന്ന ആദ്യ കാലങ്ങളില്‍ പ്രതിവര്‍ഷം ആയിരത്തിലധികം പേര്‍ക്ക് സര്‍ജറി നിര്‍ദ്ദേശിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം നാമ മാത്ര രോഗികള്‍ക്ക് മാത്രമേ സര്‍ജറി നിര്‍ദ്ദേശിക്കാറുള്ളൂ. ഈ ചികിത്സാ രീതിയിലൂടെ രോഗം ഭേദമായ ആയിരക്കണക്കിന് പേര്‍ ഇന്ന് നമുക്കിടയിലുണ്ട്.
ഒരു രോഗി ഡോക്ടറെ കാണാന്‍ വന്നാല്‍, ട്രഡ്മില്‍, എക്കോ എന്നിവക്ക് ശേഷം പോസിറ്റീവ് ആണെങ്കില്‍ ആന്‍ജിയോഗ്രാം നടത്താതെ ചികിത്സിക്കാറായിരുന്നു പതിവ്. മിക്ക രോഗികളും രോഗ ലക്ഷണം കാണിക്കില്ല. 6 മാസം കഴിഞ്ഞോ മറ്റോ അവര്‍ മറ്റൊരു കാര്‍ഡിയോളജിസ്റ്റിനെ കാണുമ്പോള്‍ ആ ഡോക്ടര്‍ പറയും ഈ രോഗിക്ക് ബ്ലോക്കുണ്ടായിരുന്നില്ലെന്ന്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ആന്‍ജിയോഗ്രാം ചെയ്തതിനു ശേഷം മാത്രമാണ് ചികിത്സ നടത്തുന്നത്. പരിശോധനകള്‍ക്ക് ശേഷം രോഗിക്ക് 10 ദിവസത്തേക്കുള്ള ജീവിത രീതി പഠിപ്പിക്കും. ഭക്ഷണ രീതി, വ്യായാമം, യോഗ, റിലാക്‌സേഷന്‍ ടെക്‌നിക്ക്, ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍ ഉണ്ടെങ്കില്‍ അതിനുള്ള മരുന്നും നിര്‍ദ്ദേശിക്കും. കോഴിക്കോട്ടെ പ്രമുഖ ഹോസ്പിറ്റലില്‍ നിന്ന് 3 ദിവസം മാത്രം ജീവിക്കുമെന്ന് പറഞ്ഞ രോഗി ഡോക്ടറെ കാണാനെത്തുകയും ചികിത്സക്ക് ശേഷം 10 വര്‍ഷം കഴിഞ്ഞ് അതേ ഹോസ്പിറ്റലില്‍ പരിശോധിച്ചപ്പോള്‍ ഹൃദയത്തിന് ഒരു അസുഖവുമില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.ഡോക്ടറെ തേടി നമ്മുടെ രാജ്യവും കടന്ന് രോഗികള്‍ വരുന്നുണ്ട്.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, ശ്രീലങ്ക, ലക്ഷദ്വീപ്, മാലി ദ്വീപ്, നേപ്പാള്‍, അമേരിക്ക, ഇംഗ്ലണ്ട്, അയര്‍ലന്റ്, സ്വിറ്റ്‌സര്‍ലന്റ്, യു.എ.ഇ, ബഹറൈന്‍, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, ഫിജി ഐലന്റ്, സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നടക്കം രോഗികള്‍ അദ്ദേഹത്തെ തേടിയെത്താറുണ്ട്. അവരില്‍ പലരും വര്‍ഷങ്ങളായി ഡോക്ടറുടെ നിര്‍ദ്ദേശത്തിലൂടെ ജീവിക്കുന്നവരാണ്.രോഗം മാറി സാധാരണ ജീവിതം നയിക്കുന്നവരും ഉണ്ട്. ഡോക്ടര്‍ കാണാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെങ്കിലും ചിലര്‍ നന്ദി സൂചകമായി ഇടയ്ക്ക്് ഡോക്ടറെ കാണാനെത്തും. ഹൃദയ ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞിടത്ത് അത് ചെയ്യാതെ കുഞ്ഞാലി ഡോക്ടറെ കാണുകയും ഡോക്ടറുടെ ചികിത്സാ രീതി പിന്തുടരുകയും ചെയ്യുന്നവരാണിവര്‍. 30 വര്‍ഷം കഴിഞ്ഞവര്‍വരെ അക്കൂട്ടത്തിലുണ്ട്.
  ഒരു കാര്യം ഡോക്ടര്‍ എല്ലാ രോഗികളോടും വ്യക്തമായി പറയാറുണ്ട്. പരിശോധനകള്‍ക്ക് ശേഷം നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്ന കാലം വരെ കൃത്യമായി കഴിക്കണം, ചിട്ടയായ ജീവിതം നയിക്കണം, ഭക്ഷണം ക്രമീകരിക്കണം, വ്യായാമം ചെയ്യണം. ഹൃദയ ചികിത്സാ രംഗത്ത് ഡോ.കുഞ്ഞാലി വെട്ടിത്തുറന്ന ഈ പാത ശാസ്ത്രീയമാണെന്ന് തെളിയിക്കുന്ന ആയിരക്കണക്കിന് രോഗം ഭേദമായവര്‍ നമുക്കിടയിലുണ്ട്. അതുതന്നെയാണ് ഹൃദയ ചികിത്സാ രംഗത്ത് അദ്ദേഹം അവലംബിച്ച ചികിത്സാ രീതിയുടെ സാക്ഷ്യപത്രവും.
Share

Leave a Reply

Your email address will not be published. Required fields are marked *