തിരുവനന്തപുരം: കെ.റെയില്‍ പദ്ധതിയില്‍ അടിമുടി മാറ്റം നിര്‍ദേശിച്ച് മെട്രാമാന്‍ ഇ. ശ്രീധരന്‍. തന്റെ റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറി. ആവശ്യം ഹൈസ്പീഡ് ട്രെയിന്‍ ആണെങ്കിലും ആദ്യം സ്പീഡ് ട്രെയിന്‍ നടപ്പാക്കി പിന്നീട് ഹൈസ്പീഡിലേക്ക് മതിയെന്നാണ് റിപ്പോര്‍ട്ട് കെ.വി തോമസ് മുഖ്യമന്ത്രിക്ക് കൈമാറി. കേന്ദ്രം ചുവപ്പ് സിഗ്‌നല്‍ കാണിച്ചതോടെ വിസ്മൃതിയിലായ കെ റെയില്‍ പദ്ധതി വീണ്ടും സജീവമാക്കാനാണ് സര്‍ക്കാര്‍ നീക്കം.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കെ വി തോമസ് ആവശ്യപ്പെട്ടതനുസരിച്ചാണ് മെട്രോമാന്റെ ബദല്‍ റിപ്പോര്‍ട്ട്. നിലവിലെ കെ റെയില്‍ പദ്ധതി അപ്രായോഗികമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡി.പി.ആര്‍ തന്നെ മാറ്റണമെന്നും ഇ. ശ്രീധരന്‍ പറയുന്നു. തുരങ്കപാതയും എലിവേറ്റഡ് പാതയുമാണ് മറ്റൊരു ബദല്‍. ഇത് വഴി ചെലവ് വന്‍തോതില്‍ കുറയും, ഭൂമി വന്‍തോതില്‍ ഏറ്റെടുക്കേണ്ട. അതേസമയം വേഗത കൂട്ടാന്‍ സ്റ്റാന്‍ഡേഡ് ഗേജ് ആക്കി തന്നെ നിലനിര്‍ത്തണമെന്നും ഇ. ശ്രീധരന്‍ നിര്‍ദേശിച്ചു.
ഇ.ശ്രീധരന്‍ നല്‍കിയ റിപ്പോര്‍ട്ട് ഇന്നലെയാണ് കെ.വി തോമസ് മുഖ്യമന്ത്രിക്ക് കൈമാറിയത്. പദ്ധതി രേഖയില്‍ മാറ്റം വരുത്തിയാല്‍ പരിശോധിക്കാമെന്ന് നേരത്തെ റെയില്‍വേ മന്ത്രിയും പറഞ്ഞിരുന്നു. കെ. റെയില്‍ എന്തായാലും വരുമെന്ന് എല്ലായ്‌പ്പോഴും ആവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇനി മെട്രോമാന്റെ ശുപാര്‍ശ പ്രകാരം പദ്ധതിരേഖ പൊളിച്ചുപണിയുമോ എന്നാണ് അറിയേണ്ടത്. ശ്രീധരന്റെ കേന്ദ്രത്തിലെ സ്വാധീനമടക്കം ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ശ്രമം.