രാഷ്ട്രീയ പ്രവേശനത്തിൽ വീണ്ടും സസ്പെൻസ് നിറച്ച് നടൻ വിജയ്. തന്റെ പേരിലുള്ള ആരാധക സംഘടനയായ ‘ദളപതി വിജയ് മക്കൾ ഇയക്ക’ത്തിന്റെ (ടി.വി.എം.ഐ.) ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും ചുമതലക്കാരുമായി നടൻ വിജയ് ഇന്ന് കൂടിക്കാഴ്ച നടത്തി. ചെന്നൈയ്ക്ക് സമീപം പനയൂരിലുള്ള വിജയ്‍യുടെ ഫാം ഹൗസിലായിരുന്നു യോഗം.
എന്നാൽ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള വിവരങ്ങൾ വിജയ് പങ്കുവെച്ചിട്ടില്ലെന്നാണ് യോഗത്തിൽ പങ്കെടുത്ത പ്രവർത്തകർ പറയുന്നത്. മക്കൾ ഇയക്കത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് മാത്രമാണ് യോഗത്തിൽ ചർച്ച ചെയ്തുവെന്നാണ് വിവരം.
രാഷ്ട്രീയ പ്രവർത്തനത്തിനായി സിനിമയിൽ നിന്നും വിജയ് മൂന്ന് വർഷം ഇടവേളയെടുക്കുമെന്ന അഭ്യൂഹങ്ങളും പ്രവർത്തകർ തള്ളി. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട്സ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും നടത്തിയില്ല.
കഴിഞ്ഞ മാസം ടിവിഎംഐ നടത്തിയ 10, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയംനേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിലെ വിജയ്യുടെ പ്രസംഗം രാഷ്ട്രീയ പ്രവേശന സൂചനകൾ നല്കിയിരുന്നു. ഇതിന് പിന്നാലെയുള്ള സംഘടനാ ഭാരവാഹികളുടെ യോഗം രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടാണെന്ന അഭ്യൂഹങ്ങൾക്കിടയാക്കി.