ബെംഗളൂരു: ബംഗളുരുവിൽ ഐടി കമ്പനി എംഡിയേയും സിഇഒയേയും മുൻ ജീവനക്കാരൻ വെട്ടിക്കൊലപ്പെടുത്തി. ബെംഗളൂരുവിലെ അമൃതഹള്ളി മേഖലയിൽ സ്ഥിതി ചെയ്യുന്ന എയ്റോണിക്സ് ഇന്റർനെറ്റ് കമ്പനിയുടെ എംഡി ഫനീന്ദ്ര സുബ്രഹ്മണ്യയും സിഇഒ വിനു കുമാറുമാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ഓഫിസിലേക്ക് അതിക്രമിച്ചുകയറിയ മുൻ ജീവനക്കാരനായ ഫെലിക്സ് വാൾ ഉപയോഗിച്ച് ഇരുവരെയും വെട്ടുകയായിരുന്നു. കൊല്ലപ്പെട്ടവർ ഒന്നാം നിലയിലും മൂന്നാം നിലയിലുമായി ജോലി ചെയ്യുകയായിരുന്നു. വാളിനൊപ്പം കത്തി കൊണ്ടും ആക്രമിച്ചു.പരിക്കേറ്റ ഫനീന്ദ്രയും വിനുകുമാറും സംഭവസ്ഥലത്തുതന്നെ മരിച്ചു.
ഫെലിക്സിനൊപ്പം മൂന്നുപേർക്കൂടിയുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. വ്യവസായവുമായി ബന്ധപ്പെട്ട ശത്രുതയാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം. മൃതദേഹങ്ങൾ മണിപ്പാൽ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം വിട്ടുനൽകും.