പണം നൽകിയില്ലെങ്കിൽ ആംബുലൻസ് എടുക്കില്ലെന്ന് ഡ്രൈവർ; പറവൂരിൽ രോ​ഗി മരിച്ചു

പണം നൽകിയില്ലെങ്കിൽ ആംബുലൻസ് എടുക്കില്ലെന്ന് ഡ്രൈവർ; പറവൂരിൽ രോ​ഗി മരിച്ചു

പറവൂർ: ആംബുലൻസ് ചാർജുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ വൈകിയ വയോധിക മരിച്ചു.നീണ്ടൂർ കൈതക്കൽ വീട്ടിൽ അസ്മ (72) യാണ് ആംബുലൻസ് ഡ്രൈവറുടെ അനാസ്ഥയെ തുടർന്ന് മരിച്ചത്. പരാതിയെത്തുടര്‍ന്ന് താലൂക്ക് ഗവ. ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. മരണത്തിൽ ആംബുലൻസ് ഡ്രൈവറുടെ അനാസ്ഥയുണ്ടെന്നു കാട്ടി ബന്ധുക്കൾ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി.

കടുത്ത പനിമൂലം ചൊവ്വാഴ്ച രാവിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച അസ്മയെ രോഗം കൂടുതലായതിനാൽ, എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആശുപത്രി അധികൃതർ നിർദേശം നൽകുകയായിരുന്നു. രോഗിയെ ആശുപത്രിയുടെ ആംബുലൻസിൽ കയറ്റിയെങ്കിലും വാഹന വാടകയായ 900 രൂപ തന്നാൽ മാത്രമേ കൊണ്ടുപോകൂ എന്ന് ഡ്രൈവർ വാശിപിടിക്കുകയായിരുന്നു.

കൂടെയുള്ളവരുടെ കയ്യിൽ പണമില്ലാതിരുന്നതിനാൽ രോ​ഗിയെ എത്തിച്ച ശേഷം പണം നൽകാം എന്ന് പറഞ്ഞിട്ടും ഡ്രൈവർ കേട്ടില്ല. പിന്നീട് വീട്ടിൽ പോയി പണമെടുത്തുകൊണ്ടുവന്നതിന് ശേഷമാണ് ഡ്രൈവർ ആംബുലൻസ് എടുത്തത്. ജനറൽ ആശുപത്രിയിൽ എത്തി മിനിറ്റുകൾക്കകം അസ്മ മരിച്ചു.

കുറ്റക്കാരനായ ഡ്രൈവർക്കെതിരേ നടപടി എടുക്കണമെന്നാണ് ആവശ്യം. അസ്മയുടെ ഭർത്താവ്: പരേതനായ അലി. മക്കൾ: അബൂബക്കർ, സുൽബത്ത്. മരുമക്കൾ: സുഹ്‌റ, ഹനീഫ.

Share

Leave a Reply

Your email address will not be published. Required fields are marked *