കോഴിക്കോട്: മൊറോക്കന്‍ രാജാവ് മുഹമ്മദ് ആറാമന്‍ നേതൃത്വം നല്‍കുന്ന മുഹമ്മദ് ആറാമന്‍ ഫൗണ്ടേഷന്‍ ഓഫ് ആഫ്രിക്കന്‍ ഉലമയുടെ നേതൃത്വത്തില്‍ നടന്ന നാലാമത് അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തില്‍ പ്രത്യേക ക്ഷണിതാക്കളായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ പ്രതിനിധികള്‍. മൊറോക്കോയിലെ ചരിത്രപ്രസിദ്ധ നഗരമായ മറാകിഷില്‍ കഴിഞ്ഞ മൂന്നു ദിവസമായി നടന്ന സമ്മേളനത്തില്‍ 41 രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതരും മുഫ്തിമാരും അക്കാദമിക് വിചക്ഷണരുമാണ് പങ്കെടുത്തത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധികളായി ജാമിഅ മര്‍കസ് വൈസ് റെക്ടര്‍ മുഹമ്മദ് റോശന്‍ നൂറാനി, ഗ്രാന്‍ഡ് മുഫ്തി ഓഫീസ് മാനേജര്‍ സിപി സ്വാദിഖ് നൂറാനി അസ്സഖാഫി സംബന്ധിച്ചു.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഇസ്ലാമിക ശരീഅത്തും ഫത്വകളും എന്ന പ്രമേയത്തില്‍ നടന്ന സമ്മേളനത്തില്‍ ഫത്വകള്‍ക്ക് മതത്തിലുള്ള പ്രാധാന്യത്തെയും പൊതുജനങ്ങളും പണ്ഡിതരും ഫത്വകളെ സമീപിക്കുമ്പോള്‍ പുലര്‍ത്തേണ്ട രീതികളെയും കുറിച്ച് വിശദമായ ചര്‍ച്ചകളാണ് നടന്നത്. സമാധാന വിരുദ്ധരും തീവ്രവാദികളും ഫത്വകളെയും ഇസ്ലാമിക കര്‍മശാസ്ത്രത്തെയും വികലമായി ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇസ്ലാമിന്റെ ശരിയായ നിലപാടും മധ്യമ നിലപാടും സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ പണ്ഡിതര്‍ക്ക് സാധിക്കേണ്ടതുണ്ടെന്ന് മുഹമ്മദ് ആറാമന്‍ രാജാവ് സമ്മേളന സന്ദേശത്തില്‍ പറഞ്ഞു. ഫത്വകളുടെ പവിത്ര ഉള്‍ക്കൊണ്ട് ശരിയായ ഗവേഷണം നടത്തിയും സാംസ്‌കാരിക വൈവിധ്യങ്ങളെയും ശാസ്ത്ര നിലപാടും വിലയിരുത്തി വേണം ഫത്വകള്‍ നല്‍കാനെന്നും പണ്ഡിതന്മാരുടെ കൂട്ടായ്മകള്‍ ഓരോ വിഷയവും ആഴത്തില്‍ ചര്‍ച്ചചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാരമ്പര്യ ഇസ്ലാമിന്റെ തനത് രൂപവും നൂറ്റാണ്ടുകളായി കൈമാറിപ്പോരുന്ന ആത്മീയ സരണികളും ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ സജീവമാക്കുന്നതിനും രാജ്യങ്ങള്‍ക്കിടയിലും സമുദായങ്ങള്‍ക്കിടയിലും പരസ്പര സഹകരണം നിലനിര്‍ത്തുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.
സമ്മേളന ക്ഷണിതാക്കളായി മൊറോക്കോയിലെത്തിയ ഇന്ത്യന്‍ അതിഥികള്‍ക്ക് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. സയ്യിദ് മുഹമ്മദ് രിഫ്ഖിയുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ഉപഹാരവും സന്ദേശവും ഫൗണ്ടേഷന്‍ ഭാരവാഹികള്‍ക്ക് കൈമാറി. സന്ദര്‍ശനത്തിന്റെ ഭാഗമായി മൊറോക്കോയിലെ ചരിത്രപ്രസിദ്ധമായ സര്‍വ്വകലാശാലകളും പൈതൃക കേന്ദ്രങ്ങളും സംഘം സന്ദര്‍ശിച്ചു. ഫെസ് നഗരത്തില്‍ സ്ഥിതിചെയ്യുന്ന ലോകത്തിലെ തന്നെ ആദ്യ സര്‍വ്വകലാശാലയായ ജാമിഅത്തുല്‍ ഖറവിയ്യീന്‍ ചാന്‍സിലര്‍, വൈസ് ചാന്‍സിലര്‍ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തി. ജോര്‍ദാന്‍, ഫലസ്തീന്‍, സെര്‍ബിയ, ബള്‍ഗേറിയ, ഘാന ഗ്രാന്‍ഡ് മുഫ്തിമാര്‍ക്ക് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ സന്ദേശം പ്രതിനിധികള്‍ കൈമാറി.