ന്യൂഡല്‍ഹി: തങ്ങള്‍ക്ക് നേരെയുണ്ടായ ലൈംഗിക പീഡനക്കേസില്‍ ഗുസ്തി താരങ്ങളെ ശരിവച്ച് ഡല്‍ഹി പോലിസ്. ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ ശിക്ഷിക്കണമെന്നാണ് പോലിസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ബ്രിജ് ഭൂഷണ്‍ വിചാരണ ചെയ്യപ്പെടണമെന്നും ശിക്ഷയ്ക്കപ്പെടണമെന്നും ജൂണില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ആറ് ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പോലിസ് കണ്ടെത്തല്‍.
കേസില്‍ ബ്രിജ് ഭൂഷണേയും സാക്ഷികളെയും വിസ്തരിക്കണമെന്നും ശിക്ഷിക്കണമെന്നും ഡല്‍ഹി പോലീസ് കോടതിയോട് അഭ്യര്‍ത്ഥിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി 108 സാക്ഷികളുമായി ഉദ്യോഗസ്ഥര്‍ സംസാരിച്ചു. ഇതില്‍ 15 പേര്‍ പരിശീലകരാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. അന്വേഷണത്തിനിടെ റഫറിമാര്‍ ഗുസ്തി താരങ്ങളുടെ ആരോപണങ്ങള്‍ ശരിവച്ചു.
സെക്ഷന്‍ 506, 354, 354 എ, 354 ഡി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ബ്രിജ് ഭൂഷണ്‍ കുറ്റം ആവര്‍ത്തിച്ചിട്ടുണ്ടെന്നും ഡല്‍ഹി പോലിസ് പറയുന്നു. ബ്രിജ് ഭൂഷണെതിരെ രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളില്‍ രണ്ടെണ്ണത്തില്‍ സെക്ഷന്‍ 354, 354 എ, 354 ഡി എന്നിവ പ്രകാരമാണ് കേസെടുത്തത്. നാല് കേസുകളില്‍ സെക്ഷന്‍ 354, 354എ എന്നിവ പ്രകാരവുമാണ് കേസ്. ഇത് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ആരോപണങ്ങളെല്ലാം ബ്രിജ് ഭൂഷണ്‍ നിഷേധിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. ആരോപണമുന്നയിച്ച ഗുസ്തി താരങ്ങളെ താന്‍ ഒരിക്കല്‍പോലും കണ്ടിട്ടില്ലെന്നും അവരുടെ ഫോണ്‍ നമ്പറുകള്‍ തന്റെ കൈവശം ഇല്ലെന്നുമായിരുന്നു ബ്രിജ് ഭൂഷന്റെ വിശദീകരണം. മോശം പെരുമാറ്റം, അനുവാദമില്ലാതെ സ്പര്‍ശനം, വസ്ത്രം അഴിച്ചുമാറ്റാന്‍ ശ്രമം തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ചിരുന്നത്.
ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഫോട്ടോ, വീഡിയോ തെളിവുകളും ഉള്‍പ്പെടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആറ് വനിത ഗുസ്തിതാരങ്ങളുടെ പരാതിയില്‍ നാലെണ്ണത്തിലും ഫോട്ടോ തെളിവുകളും മൂന്നെണ്ണത്തില്‍ വീഡിയോ തെളിവുകളും പോലിസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1500 പേജുള്ള കുറ്റപത്രം ജൂണ്‍ 14നാണ് ഡല്‍ഹി പോലിസ് കോടതിയില്‍ സമര്‍പ്പിച്ചത്.