കേരളത്തില്‍ ഓണ്‍ലൈന്‍ ആര്‍.ടി.ഐ പോര്‍ട്ടല്‍ സ്ഥാപിച്ചു എന്ന് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍: പ്രവാസി ലീഗല്‍ സെല്ലിന്റെ നിയമ നടപടിയില്‍ പ്രവാസികള്‍ക്ക് നീതി

കേരളത്തില്‍ ഓണ്‍ലൈന്‍ ആര്‍.ടി.ഐ പോര്‍ട്ടല്‍ സ്ഥാപിച്ചു എന്ന് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍: പ്രവാസി ലീഗല്‍ സെല്ലിന്റെ നിയമ നടപടിയില്‍ പ്രവാസികള്‍ക്ക് നീതി

കുവൈറ്റ് സിറ്റി: കേരളത്തില്‍ ഓണ്‍ലൈന്‍ ആര്‍.ടി.ഐ പോര്‍ട്ടല്‍ സ്ഥാപിച്ചു എന്നു കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പ്രവാസി ലീഗല്‍ സെല്ലിന്റെ നിയമ നടപടിയില്‍ പ്രവാസികള്‍ക്ക് നീതി ലഭിക്കാന്‍ അവസരം ലഭിക്കും. കേരളമുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മൂന്നു മാസത്തിനകം ഓണ്‍ലൈന്‍ വിവരാവകാശ പോര്‍ട്ടല്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് കേരള സര്‍ക്കാര്‍ നടപടി. (https://rtiportal.kerala.gov.in/)

ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ അഭാവത്തില്‍ വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യമാകണമെങ്കില്‍ നേരിട്ടോ തപാല്‍ മുഖാന്തിരമോ വേണം അപേക്ഷ നല്‍കുവാന്‍. ഇതുമൂലം ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്നവര്‍ പ്രവാസികളാണ്. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി ഓണ്‍ലൈന്‍ ആര്‍.ടി.ഐ പോര്‍ട്ടലുകള്‍ ഉണ്ടെങ്കിലും സംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ ആര്‍.ടി.ഐ പോര്‍ട്ടലുകള്‍ നിലവിലില്ല. സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമെന്ന പെരുമ പറയുന്ന കേരളത്തിലും ഓണ്‍ലൈന്‍ ആര്‍.ടി.ഐ പോര്‍ട്ടലുകള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന സുപ്രീം കോടതിയെ സമീപിച്ചത്.

പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗല്‍ സെല്‍. കോവിഡ് കാലത്ത് റദ്ദ് ചെയ്യപ്പെട്ട വിമാനടിക്കറ്റുകളുടെ റീഫണ്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സുപ്രീം കോടതിയില്‍ നിന്നും പ്രവാസികള്‍ക്കനുകൂലമായി നിരവധി കോടതിവിധികള്‍ നേടിയെടുത്തിട്ടുള്ള സംഘടനയാണ് പ്രവാസി ലീഗല്‍ സെല്‍. അര്‍ഹരായ പ്രവാസികള്‍ക്ക് വിദേശരാജ്യത്തും ഇന്ത്യന്‍ മിഷനുകളിലൂടെ സൗജന്യ നിയമസഹായം ഉള്‍പ്പെടെയുള്ള കേസുകള്‍ ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണയിലുമാണ്.

പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനുള്ള ഏറ്റവും പുതിയ നടപടിയാണ് സുപ്രീം കോടതിയുടെ ഈ ഇടപെടലെന്നും തുടര്‍ന്നും ഇത്തരം നടപടികളുമായി മുന്‍പോട്ടു പോകുമെന്നും പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫന്‍, കോര്‍ഡിനേറ്റര്‍ അനില്‍ മൂടാടി എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *