ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവിയുടെ കാലാവധി നീട്ടി നല്‍കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കി. ഇ.ഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി മൂന്നാം തവണയും നീട്ടി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയാണ് സുപ്രീം കോടതി റദ്ദ് ചെയ്തത്. നിയമവിരുദ്ധമെന്ന് വ്യക്തമാക്കിയ കോടതി ഈ മാസം 31 വരെ പദവിയില്‍ തുടരാന്‍ എസ്.കെ മിശ്രയ്ക്ക് അനുമതിയും നല്‍കി. ബി.ആര്‍ ഗവായ്, വിക്രംനാഥ്, സഞ്ജയ് കരോള്‍ എന്നിവര്‍ അടങ്ങിയ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
2018 നവംബറിലാണ് രണ്ട് വര്‍ഷത്തേക്ക് എസ്.കെ മിശ്രയെ ഇ.ഡി ഡയറക്ടറായി നിയമിച്ചത്. ഇതുപ്രകാരം 2020 നവംബറില്‍ കാലാവധി പൂര്‍ത്തിയായി. 2020 മെയില്‍ വിരമിക്കല്‍ പ്രായമായ 60 വയസ് പൂര്‍ത്തിയായ എസ്.കെ മിശ്രയ്ക്ക് കേന്ദ്രം ഒരു വര്‍ഷത്തേക്ക് കാലാവധി നീട്ടി നല്‍കി. 2018 ലെ നിയമന ഉത്തരവില്‍ രണ്ട് വര്‍ഷമെന്നത് മൂന്ന് വര്‍ഷമെന്ന് പുതുക്കിയാണ് കാലാവധി നീട്ടി നല്‍കിയത്. ഈ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു 2021 ലെ കോടതി ഉത്തരവ്. 2021 നവംബറിന് ശേഷം കാലാവധി നീട്ടരുതെന്നായിരുന്നു കോടതി നിര്‍ദേശം. നവംബര്‍ 2021ന് ശേഷം എസ്.കെ മിശ്രയ്ക്ക് പദവി നീട്ടി നല്‍കരുതെന്ന 2021 ലെ സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണ് സര്‍ക്കാര്‍ നടപടിയെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ കേന്ദ്രത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് ജൂലൈ 31 വരെ എസ്.കെ മിശ്രയെ പദവിയില്‍ തുടരാന്‍ കോടതി അനുവദിക്കുകയായിരുന്നു.
2021 ലെ സുപ്രീം കോടതി ഉത്തരവിന് പിന്നാലെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ നിയമത്തില്‍ കേന്ദ്രം ഭേദഗതി വരുത്തിയിരുന്നു. ഇ ഡി ഡയറക്ടറുടെ കാലാവധി അഞ്ച് വര്‍ഷം വരെ നീട്ടി നല്‍കാന്‍ ഇതോടെ സര്‍ക്കാരിന് അധികാരം ലഭിച്ചു. ഇതിനെതിരെ എട്ടോളം പൊതുതാല്‍പര്യ ഹര്‍ജികളാണ് കോടതിയിലെത്തിയത്. പിന്നാലെ കാലാവധി വീണ്ടും നീട്ടുകയായിരുന്നു.
ഉദ്യോഗസ്ഥര്‍ക്ക് കാലാവധി നീട്ടിനല്‍കുന്നത് ചില പ്രത്യേക സാഹചര്യത്തില്‍ മാത്രാണ്്. അങ്ങെനയൊരു സാഹചര്യം ഇവിടെയില്ല. ഈ സ്ഥാനത്ത് നിയമിക്കാന്‍ മറ്റു ഉദ്യോഗസ്ഥര്‍ ഇല്ലേ? പ്രധാനമന്ത്രി കൊല്ലപ്പെട്ടിട്ടും മുന്നോട്ടുപോയ രാജ്യമാണിന്ത്യയെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. പ്രതിപക്ഷ പാര്‍ട്ടികളെ വേട്ടയാടാന്‍ വേണ്ടിയാണ് ഇ ഡി ഡയറക്ടറുടെ കാലാവധി നീട്ടുന്നതെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആരോപിച്ചത്്.