ഉള്ളിയേരി: എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ വിനോദ് കക്കഞ്ചേരിയുടെ കഥകള്‍ കാലത്തിന്റെ നേര്‍കാഴ്ചകളാണെന്ന് കവിയും ഫോക്ലോറിസ്റ്റും ആക്ടിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര പറഞ്ഞു. കക്കഞ്ചേരി എ.കെ.ജി ഗ്രന്ഥാലയം ആന്‍ഡ് വായനശാലയുടെ പ്രതിമാസപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച വിനോദ് കക്കഞ്ചേരിയുടെ ‘ഗ്ലാമറിസം കമ്മ്യൂണിസത്തിനും ക്യാപ്പിറ്റലിസത്തിനുമപ്പുറം? ‘ എന്ന കഥാസമാഹാരചര്‍ച്ചാവേദി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തെയും ജീവിതത്തെയും വ്യത്യസ്തതലങ്ങളിലൂടെ നോക്കിക്കാണുന്ന രചനാതന്ത്രമാണ് കക്കഞ്ചേരി കഥകളുടെ സവിശേഷത. നര്‍മ്മവും പ്രതിഷേധവും പ്രണയവും സന്ദേശവും തുടങ്ങി സമസ്തമാനുഷികഭാവങ്ങളും സമാഹാരത്തിലെ പത്തു കഥകളിലൂടെ അനാവരണം ചെയ്യപ്പെടുന്നു. നിരാലംബനോടും നിസ്സഹായരോടും പരിസ്ഥിതിയോടും ഐക്യദാര്‍ഢ്യപ്പെടുന്ന കഥകളിലൂടെ മറനീക്കിപുറത്ത് വരുന്നത് കഥാകൃത്തിന്റെ സാമൂഹ്യപ്രതിബദ്ധതകൂടിയാണ്.
പുതിയ കാലത്തിന്റെ കപടസൗന്ദര്യസങ്കല്‍പങ്ങളില്‍ നിന്നും അരികുവല്‍ക്കരിപ്പെട്ടവരുടെ നിസ്സഹായത അനുവാചകഹൃദയങ്ങളില്‍ നൊമ്പരമായി പടരുമെന്നും ഗിരീഷ് ആമ്പ്ര കൂട്ടിച്ചേര്‍ത്തു. എ.കെ.ജി വായനശാല പ്രസിഡന്റ് എ.കെ ചിന്മയാനന്ദന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വായനശാല രക്ഷാധികാരി കെ. രാഘവകുറുപ്പ് കഥാകൃത്ത് വിനോദ് കക്കഞ്ചേരിയെ പൊന്നാട ചാര്‍ത്തി ആദരിച്ചു. കെ.കെ രമേശ്, സി. പത്മദാസ് എന്നിവര്‍ കഥാചര്‍ച്ചയില്‍ പങ്കെടുത്തു.
ടി.കെ മാധവന്‍ മാസ്റ്റര്‍, ഷാജി .കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വായനശാല സെക്രട്ടറി വി.കെ ബാബു സ്വാഗതവും ലൈബ്രേറിയന്‍ ലതീഷ് പി.എം നന്ദിയും പറഞ്ഞു.