ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ് ചൊവ്വാഴ്ച ഫാൻസ് അസോസിയേഷൻ അംഗങ്ങളുടെ യോഗം വിളിച്ചു. രാവിലെ ഒൻപതിന് ചെന്നൈയിലെ വിജയ്യുടെ വീട്ടിൽ വച്ചാണ് യോഗം. അടുത്തിടെ നടന്ന ഹയർ സെക്കൻഡറി സ്കൂൾതല വിജയികളെ അനുമോദിക്കുന്ന ചടങ്ങിൽ രാഷ്ട്രീയ പ്രവേശന സൂചനകൾ നൽകിയതിന് പിന്നാലെയാണ് ഈ യോഗം.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഫാൻസ് അസോസിയേഷൻ ആയ ദളപതി വിജയ് മക്കൾ ഇയക്കം (ടിവിഎംഐ) പ്രത്യേക പതാകയോ ചിഹ്നമോ ഇല്ലാതെ മത്സരിച്ചിരുന്നു. 169 അംഗങ്ങൾ മത്സരിച്ചതിൽ 115 പേരും തിരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയ പ്രവേശനത്തിനു മുമ്പുള്ള വിജയിയുടെ പരീക്ഷണമായി ഇതിനെ കാണുന്നുണ്ട്.
അതേസമയം നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ എത്രത്തോളം വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് എത്രത്തോളം ഗുണകരമാവുമെന്ന് പറയാനാവില്ല. ജയലളിതയുടെ വിയോഗത്തോടെ എഡിഎംകെ ദുർബലമായിരിക്കുകയാണ്. ഈ സാഹചര്യം പക്ഷെ കരുണാനിധിയുടെ പിൻഗാമിയായ സ്റ്റാലിന് ശക്തമായ അവസരം നൽകുകയും ചെയ്തു. ഡിഎംകെയുടെ ജനപ്രീതിയെ നേരിടാൻ വിജയ്ക്ക് സാധിക്കുമോ എന്ന് കണ്ടറിയണം. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ നിലപാടുകൾ ഇനിയും വ്യക്തമാവേണ്ടതുണ്ട്.
പലവട്ടം സൂചനകൾ നൽകിയെങ്കിലും രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് കൃത്യമായ നിലപാട് അറിയിക്കാൻ വിജയ് ഇതുവരെ തയാറായിട്ടില്ല. ചൊവ്വാഴ്ചത്തെ യോഗത്തിനുശേഷം ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.