കറാച്ചി: ഇന്ത്യ ആതിഥേയരാവുന്ന ഈ വർഷത്തെ ലോകകപ്പ് ക്രിക്കറ്റിലെ തങ്ങളുടെ മത്സരങ്ങൾ നിഷ്പക്ഷ വേദികളിൽ വെച്ച് വേണമെന്ന ആവശ്യവുമായി പാകിസ്താൻ. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ വെച്ച് നടക്കാനിരിക്കുന്ന ഐ.സി.സി യോഗത്തില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യം ഉന്നയിക്കുമെന്ന് കായികമന്ത്രി എഹ്‌സാന്‍ മസാരി വ്യക്തമാക്കി.
പാകിസ്താൻ ആതിഥേയരാവുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കാൻ ഇന്ത്യ വിസമ്മതിച്ചതിനെ തുടർന്നാണ് പാകിസ്താനും അതേ നിലപാട് സ്വീകരിച്ചത്.
ഏഷ്യാകപ്പിന് തങ്ങൾക്ക് നിഷ്പക്ഷ വേദികൾ വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടർന്ന് പാകിസ്താനെ കൂടാതെ ശ്രീലങ്കയെയും ഏഷ്യാ കപ്പിനുള്ള വേദിയായി പ്രഖ്യാപിച്ചു. അങ്ങനെ വന്നാൽ പാകിസ്താന് നാല് മത്സരങ്ങളും ശ്രീലങ്കയില്‍ ഒന്‍പത് മത്സരങ്ങളും ലഭിക്കുന്ന സാഹചര്യം വരും. ഇതാണ് പാകിസ്താനെ ചൊടിപ്പിച്ചത്.