കോഴിക്കോട്: ബഹുസ്വരത ചിരകാലമായി ഭാരതത്തിന്റെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു. ഭാഷകളെ കൂട്ടിയിണക്കുന്ന വിവര്‍ത്തകര്‍ സംസ്‌കാരത്തിന്റെയും ജീവിതമൂല്യങ്ങളുടെയും സംരക്ഷകരാണ്. അപരിചിത ഭാഷകളിലെ നിധികള്‍ സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന ദൗത്യമാണ് വിവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭക്തി കാലഘട്ടത്തില്‍ സംസ്‌കൃതത്തിലെ നിധികള്‍ സാധാരണക്കാരിലേക്കെത്തിച്ചത് വ്യത്യസ്ത ഭാഷകളിലെ കവികളാണ്. ഇവര്‍ ഒരേ കാലഘട്ടത്തില്‍ ഒരേ സാംസ്‌കാരിക ധാര പ്രസരിപ്പിച്ച വരായിരുന്നുവെന്ന് തുളസി, കബീര്‍, ജ്ഞാനേശ്വര്‍, തുക്കാറാം എന്നിവരെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വിലയിരുത്തി.
കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ഭാഷാ സമന്വയ വേദി സംഘടിപ്പിച്ച സാംസ്‌കാരിക സമന്വയം വിവര്‍ത്തനത്തിലൂടെ എന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷാസമന്വയ വേദി അംഗങ്ങള്‍ പരിഭാഷപ്പെടുത്തിയ മൈഥിലി കഥകളുടെ സമാഹാരം ഡോ. ആര്‍സുവിന് ആദ്യ പ്രതി നല്‍കി ഗവര്‍ണര്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ ഡോ. ആര്‍സു അധ്യക്ഷനായിരുന്നു. ഭരണഘടന തയ്യാറാക്കിയപ്പോള്‍ ആദ്യകാലത്ത് എട്ടാം പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്ന ഭാഷകളില്‍ നിന്നുള്ള സാഹിത്യകൃതികള്‍ മലയാളത്തിലേക്ക് പരിചയപ്പെടുത്തുന്ന പ്രോജക്ട് ഭാഷാ സമന്വയവേദി ഏറ്റെടുത്തിരിക്കുകയാണന്ന് അദ്ദേഹം പറഞ്ഞു. പുസ്തകത്തിന്റെ എഡിറ്റര്‍ ഡോ. പി.കെ രാധാമണി, പ്രസാധകന്‍ എന്‍.ഇ മനോഹര്‍, ഭാഷാസമന്വയവേദി സെക്രട്ടറി ഡോ.ഒ.വാസവന്‍ സംസാരിച്ചു. ടി.സുമിന, സഫിയ നരിമുക്കില്‍, ഡോ.പി. സംഗീത എന്നിവര്‍ വിവര്‍ത്തനാനുഭവങ്ങള്‍ പങ്കുവച്ചു. ഡോ. ഇ.കെ. സ്വര്‍ണ്ണകുമാരി, കെ.ജി രഘുനാഥ്, പി.ടി രാജലക്ഷ്മി, ഡോ. സി. സേതുമാധവന്‍, ഒ.കഞ്ഞിക്കണാരന്‍, കെ. വാരിജാക്ഷന്‍, കെ.എം വേണുഗോപാല്‍, കെ.കെ സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.