കോഴിക്കോട്: രാജ്യത്തെ രണ്ടാമത്തെ തൊഴില്‍ മേഖലയായ പാദരക്ഷ മേഖലയിലെ സൂക്ഷ്മ ചെറുകിട പാദരക്ഷ സ്ഥാപനങ്ങള്‍ നിര്‍മിക്കുന്ന പാദരക്ഷകള്‍ക്ക് ഐ.എസ്.ഐ മാര്‍ക്ക് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം അപ്രായോഗികമാണെന്ന് എം.എസ്.എം.ഇ ഫൂട്ട്‌വേര്‍ സെക്ടര്‍ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ വി.കെ.സി റസാക്കും കണ്‍വീനര്‍ ബാബു മാളിയേക്കലും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പാദരക്ഷ രംഗത്ത് ഗുണനിലവാരനിയന്ത്രണത്തിന് തങ്ങള്‍ എതിരല്ല. എന്നാല്‍, ധൃതിപിടിച്ച് ഈ രംഗത്ത് കേന്ദ്രസര്‍ക്കാര്‍ നടപടികളുമായി മുന്നോട്ട് പോയാല്‍ സൂക്ഷ്മ ചെറുകിട പാദരക്ഷാ യൂണിറ്റുകള്‍ അടച്ചുപൂട്ടേണ്ട സാഹചര്യം സംജാതമായും. രാജ്യത്ത് 44 ലക്ഷം പേരാണ് പാദരക്ഷാ വ്യവസായ മേഖലയില്‍ ജോലിയെടുക്കുന്നത്.
സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഗുണനിലവാരം പരിശോധിക്കണമെങ്കില്‍ 40 ലക്ഷം രൂപ മുതല്‍ 60 ലക്ഷം രൂപ വില വരുന്ന ലാബ് സ്ഥാപിക്കേണ്ടി വരും. ചെറുകിട യൂണിറ്റുകള്‍ക്ക് ഇത് താങ്ങാനാവില്ല. BIS നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ ശാസ്ത്രീയമോ, പ്രായോഗികമോ അല്ല. BIS നിര്‍ദേശിക്കുന്ന ടെസ്റ്റുകള്‍ നടത്തുമ്പോള്‍ പാദരക്ഷകളുടെ വിലയില്‍ ഗണ്യമായ വര്‍ധനവുണ്ടാവും. സാധാരണക്കാര്‍ ഉപയോഗിക്കുന്ന പാദരക്ഷകളുടെ വില കുത്തനെ വര്‍ധിക്കാനിടയായാല്‍ ജനങ്ങളുടെ പര്‍ച്ചേഴ്‌സിങ് കഴിവിനെ ബാധിക്കും. കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് വരുമാനം കുറഞ്ഞപ്പോള്‍ ഏറ്റവുമധികം വിറ്റുപോയത് ഹവായ് ഇനത്തില്‍പ്പെട്ട വില കുറഞ്ഞ ചെരുപ്പുകളായിരുന്നുവെന്ന് വി.കെ.സി റസാഖ് ചൂണ്ടിക്കാട്ടി. ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും കേന്ദ്രസര്‍ക്കാരിന്റെ മുന്‍പാകെ വിഷയം ഉന്നയിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി വി.കെ.സി റസാക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചെറിയ സംരഭങ്ങളായി നടത്തുന്ന സൂക്ഷ്മ ചെറുകിട സംരഭങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങളുള്ള ലാബ് സൗകര്യങ്ങള്‍ അപ്രാപ്യമാവും. രാജ്യത്ത് ഇത്തരത്തിലുള്ള ലാബുകള്‍ ആവശ്യാനുസരണം സ്ഥാപിക്കണമെങ്കില്‍ തന്നെ പത്ത് വര്‍ഷമെടുക്കും. അതുകൊണ്ട് സൂക്ഷ്മ ചെറുകിട പാദരക്ഷാ യൂണിറ്റുകളെ ഒഴിവാക്കുകയും ഈ രംഗത്തെ മറ്റു വ്യവസായങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്കെങ്കിലും ഈ സൗകര്യമൊരുക്കാന്‍ സമയം നീട്ടിനല്‍കണം.
പാദരക്ഷകള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ അസംസ്‌കൃത ഉല്‍പ്പന്നങ്ങള്‍, ഉല്‍പ്പന്നങ്ങളുടെ വില എന്നിവ കൂടി കണക്കിലെടുത്താവണം കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നവര്‍ ചൂണ്ടിക്കാട്ടി. നിലവിലുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച തിയതിക്ക് ശേഷം മാത്രമുള്ള ഉല്‍പ്പന്നങ്ങളില്‍ ഐ.എസ്.ഐ മാര്‍ക്ക് ബാധകമാക്കാന്‍ പാടുകയുള്ളൂ എന്നവര്‍ അഭ്യര്‍ത്ഥിച്ചു. നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് ഐ.എസ്.ഐ മാര്‍ക്ക് നല്‍കണമെന്നത് അപ്രായോഗികമാണ്.
ജനറല്‍ വിഭാഗങ്ങള്‍ക്കുള്ള സ്‌പോര്‍ട്‌സ് ഫൂട്‌വെയര്‍ എന്ന വിഭാഗത്തില്‍ ISI-15844 എന്ന ഒരു മാനദണ്ഡമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 300 രൂപ വില വരുന്ന പി.വി.സി ഇന്‍ജക്ഷന്‍ ഷൂവിനും 10,000 രൂപ വില വരുന്ന ബഹുരാഷ്ട്ര കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്കും ഒരേ സ്റ്റാന്‍ഡേര്‍ഡാണ് നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളത്. 100 രൂപ വില വരുന്ന ഹവായ് ചെരുപ്പിനും 1000 രൂപ വില വരുന്ന ബ്രാന്‍ഡഡ് ചെരുപ്പിനും ഒരേ സ്റ്റാന്‍ഡേര്‍ഡാണ് പറഞ്ഞിട്ടുള്ളത്. ചെറിയ കുട്ടികളുടെ സോഫ്റ്റായ കൈ കൊണ്ടുണ്ടാക്കിയ ചെരുപ്പുകള്‍ക്കും മെഷീനില്‍ ഉണ്ടാക്കുന്ന PVDIP ചെരുപ്പുകള്‍ക്കും ഒരേ മാനദണ്ഡമാണ് നിഷ്‌കര്‍ഷിക്കുന്നത്.
ടെസ്റ്റിങ്ങുകളുടെ കാര്യത്തിലും നടപടി ക്രമങ്ങളുടെ കാര്യത്തിലും അശാസ്ത്രീയതകള്‍ ധാരാളമുണ്ട്. രാജ്യത്തെ പാദരക്ഷാ വ്യവസായത്തില്‍ 75% പേരും അസംഘടിത മേഖലയിലാണ്. കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലഘൂകരിക്കാന്‍ തയ്യാറാവണം.
സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ സൂക്ഷ്മ ചെറുകിട മേഖല തകരുകയും വിരലിലെണ്ണാവുന്ന ചില സ്ഥാപനങ്ങള്‍ക്കും ബഹുരാഷ്ട്ര കമ്പനിക്കും മാത്രമേ ഈ രംഗത്ത് നിലനില്‍ക്കാനുകയുള്ളൂ എന്നവര്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താ സമ്മേളനത്തില്‍ സുനില്‍നാഥ് എ.വി (കെ.എസ്.എസ്.ഐ.എ സംസ്ഥാന വൈസ് പ്രസിഡന്റ്), എം. അബ്ദുറഹിമാന്‍ (കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ്), പി.പി മുസമ്മില്‍ (ചെയര്‍മാന്‍ സിഫി കേരള ചാപ്റ്റര്‍), എം. രജിത് (പ്രസിഡന്റ് ഫൂമ).