ദുബായ്: ദുബായ് സമ്മര്‍ സര്‍പ്രൈസ് 2023 വിദേശികള്‍ക്കും സ്വദേശികള്‍ക്കും പ്രിയങ്കരമായി തുടരുന്നു. ജൂണ്‍ 29ന് ആരംഭിക്കുകയും സെപ്റ്റംബര്‍ മൂന്ന് വരെ നീണ്ടുനില്‍ക്കുന്ന സമ്മര്‍ സര്‍പ്രൈസില്‍ അതിഗംഭീരമായ പുറംകാഴ്ചകള്‍ മാത്രമല്ല ദൃശ്യവിസ്മയങ്ങളൊരുക്കുന്ന ഇന്‍ഡോര്‍ അനുഭവങ്ങളും ഈ വേനലവധിയില്‍ ദുബായ് സന്ദര്‍ശകര്‍ക്ക് വേണ്ടി ഒരുക്കുന്നു. ദുബായിലെ ഇന്‍ഡോര്‍ മ്യൂസിയങ്ങളും സാംസ്‌കാരിക സ്ഥലങ്ങളും നഗരത്തിന്റെ സമ്പന്നമായ പൈതൃകം, കലാപരമായ വൈഭവം, സാംസ്‌കാരിക വൈവിധ്യം എന്നിങ്ങനെ നിരവധി ആകര്‍ഷണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. തിയറ്റര്‍ ഓഫ് ഡിജിറ്റല്‍ ആര്‍ട്ട്, ലാ പെര്‍ലെ ഷോ, ടോപ്പ് ഗോള്‍ഫ്, മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറി എന്നിവ ദുബായിലെ ആകര്‍ഷകമായ ഇന്‍ഡോര്‍ വേദികളില്‍ ചിലത് മാത്രമാണ്.
കലയും സാങ്കേതികവിദ്യയും മള്‍ട്ടിമീഡിയയും സംയോജിപ്പിച്ച് ആഴത്തിലുള്ള ദൃശ്യാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന തിയേറ്റര്‍ ഓഫ് ഡിജിറ്റല്‍ ആര്‍ട്ട് എക്‌സിബിഷനുകള്‍, ഇന്ററാക്ടീവ് ഇന്‍സ്റ്റാളേഷനുകള്‍ വൈവിധ്യമാര്‍ന്ന കലാരൂപങ്ങളുടെ ശേഖരം എന്നിവയിലൂടെ കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ പ്രായത്തിലും ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളെ ആകര്‍ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യും. അതിശയിപ്പിക്കുന്ന അക്രോബാറ്റിക്‌സ്, അത്യാധുനിക സാങ്കേതികവിദ്യ, ആവേശകരമായ ആക്ഷന്‍ എന്നിവ നിങ്ങള്‍ ആസ്വദിക്കുന്നുണ്ടെങ്കില്‍, ലാ പെര്‍ലെ ബൈ ഡ്രാഗണില്‍ ഉറപ്പായും ഒരു സീറ്റ് റിസര്‍വ് ചെയ്യണം. ഓരോ വര്‍ഷവും അതിശയിപ്പിക്കുന്ന 450 പ്രകടനങ്ങളോടെ, ദുബായിലെ ആദ്യത്തെ സ്ഥിരം ഷോയായ ലാ പെര്‍ലെയിലെ 90 മിനിറ്റ് ഷോയില്‍ വ്യത്യസ്തമായ കഴിവുകളുള്ള ബഹുമുഖ പ്രതിഭകള്‍ ചെയ്യുന്ന നിരവധി ആകാശ, ജല അഭ്യാസങ്ങളുണ്ടായിരിക്കും.
എമിറേറ്റ്സ് ഗോള്‍ഫ് ക്ലബിലെ 60,000 ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന മൂന്ന് തലത്തിലുള്ള വിനോദ വേദിയായ ടോപ്പ് ഗോള്‍ഫില്‍ ഗോള്‍ഫ് ഗെയിമുകള്‍, തത്സമയ സംഗീതം, ഡൈനിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്നു. ഗെയിമിംഗിന് അപ്പുറം ടോപ്‌ഗോള്‍ഫ് മൂന്ന് റെസ്റ്റോറന്റുകള്‍, ഒരു റീട്ടെയില്‍ ഇടം, മൂന്ന് ലക്ഷ്വറി വി.ഐ.പി സ്യൂട്ടുകള്‍, സ്‌പോര്‍ട്‌സ് കാണാനുള്ള വലിയ ടിവി സ്‌ക്രീനുകള്‍, ഒരു മിനി ഗോള്‍ഫ് കോഴ്‌സ്, ലൈവ് മ്യൂസിക് എന്നിവയും ഇവിടെ ലഭ്യമാണ്. എല്ലാ പുസ്തക പ്രേമികള്‍ക്കും വേണ്ടിയുള്ളതാണ് മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറി. പാരായണ സമയത്ത് വിശുദ്ധ ഖുര്‍ആന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന പരമ്പരാഗത തടി പുസ്തക വിശ്രമമായ റെഹാല്‍ എന്ന ആശയം ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്തിട്ടുള്ള ഇവിടെ വ്യത്യസ്ത രുചിക്കാര്‍ക്കായി ഒന്‍പത് ലൈബ്രറികളാണ് സജ്ജമാക്കിയിട്ടുള്ളത്.