ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ പ്രണാമം- കൈരളിയുടെ കളിയച്ഛന്‍ പ്രൊഫ: എന്‍.കൃഷ്ണപിള്ള

ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ പ്രണാമം- കൈരളിയുടെ കളിയച്ഛന്‍ പ്രൊഫ: എന്‍.കൃഷ്ണപിള്ള

ഡോ : മിനി നരേന്ദ്രന്‍
ലയാള നാടകപ്രസ്ഥാനത്തിന് ഈടുറ്റ സംഭാവന നല്‍കിയ വ്യക്തിയാണ് പ്രൊഫ: എന്‍.കൃഷ്ണപിള്ള. യൂറോപ്യന്‍ നാടകങ്ങളുടെ ചുവടു പിടിച്ചുള്ള മലയാള നാടകങ്ങളുടെ ചുവടുമാറ്റത്തിനെതിരെ ‘ഇബ്‌സനി സം’ ത്തിന്റെ ആധുനികസാങ്കേതിക മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച്, കേരള കലാവേദിക്ക് പുതിയ വെളിച്ചം നല്‍കിയ പണ്ഡിതനുമായിരുന്നു അദ്ദേഹം. പ്രഗത്ഭനായ അദ്ധ്യാപകന്‍, സാഹിത്യ ഗവേഷകന്‍, കുശാഗ്രബുദ്ധിയായ വിമര്‍ശകന്‍, സാഹിത്യ ചരിത്രകാരന്‍, പ്രഭാഷകന്‍ തുടങ്ങി നിലകളിലെല്ലാം മലയാള സാഹിത്യ ലോകത്ത് നിറഞ്ഞുനിന്നിരുന്നു. കുറച്ചുകാലം സാഹിത്യ പ്രവര്‍ത്തക സംഘം അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചിറയില്‍കീഴ് താലൂക്കിലെ മുത്താന ദേശത്തുള്ള ചെക്കാല വിളാകത്ത്, പാര്‍വ്വതിയമ്മയുടെയും, ആറ്റിങ്ങള്‍, കക്കാട്ടു മഠത്തില്‍ കേശവരു കേശവരുടെയും പുത്രനായി 1916 സെപ്റ്റംബര്‍ 22ന് കൃഷ്ണപിള്ള ജനിച്ചു. മൂന്നര വയസ് മാത്രം പ്രായമുള്ളപ്പോഴുണ്ടായ അച്ഛന്റെ മരണം കുടുംബത്തിന് സാമ്പത്തികമായി പരാധീനതയുണ്ടാക്കിയെങ്കിലും വളരെ കഷ്ടപ്പെട്ട് കൃഷ്ണ പിള്ള പഠനം നടത്തി. ചെമ്മരുത്തി, നാവായിക്കുളം, ശിവഗിരി എന്നിവിടങ്ങളിലും, തിരുവനന്തപുരം ആര്‍ട്‌സ് കോളേജിലുമായിരുന്നു പഠനം. തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ നിന്ന്  1938ല്‍ ബി.എ ബിരുദവും നേടി. തിരുവനന്തപുരം സര്‍വ്വകലാശലയില്‍ 1940-43 കാലത്ത് ‘കേരള ആര്യാംശം ‘ എന്ന വിഷയത്തില്‍ ഗവേഷണം നടത്തിയിരുന്ന കൃഷ്ണ പിള്ള, ഇതിനിടയ്ക്ക് നാടക രചനകളിലും സമയം കണ്ടെത്തിയിരുന്നു. 1938 മുതല്‍ 1940 വരെ ശിവഗിരി ഹൈസ്‌ക്കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട്, തിരുനെല്‍വേലി ഹിന്ദു കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ പ്രൊഫസറായും തിരുവനന്തപുരം ഇന്റര്‍ മീഡിയറ്റ് കോളേജിലെ പ്രിന്‍സിപ്പാള്‍ ആയും 1972 – 77 വര്‍ഷങ്ങളില്‍ UGC വിസിറ്റിങ് പ്രൊഫസറായുമൊക്കെ സേവനം അനുഷ്ഠിച്ചു.
കൈരളിയുടെ കഥ, പ്രതി പാത്രം ഭാഷണഭേദം, അടിവേരുകള്‍, കാളിദാസന്‍ മുതല്‍ ഒ.എന്‍.വി വരെ, നിരൂപണരംഗം തുടങ്ങിയ പഠനഗ്രന്ഥങ്ങളും ഭഗ്നഭവനം, കന്യക, അഴിമുഖത്തേക്ക്, എന്‍.കൃഷ്ണപിള്ളയുടെ ലഘുനാടകങ്ങള്‍, ദര്‍ശനം, അനുരഞ്ജനം, മരുപ്പച്ച മുതലായ നാടകങ്ങളും ‘ പ്രിയസ്മരണകള്‍ ‘ എന്ന ജീവചരിത്ര ഗ്രന്ഥവും അദ്ദേഹത്തിന്റെ രചനകളില്‍പെടുന്നു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, സി.വി പുരസ്‌കാരം, കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, (മൂന്നുതവണ ) കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം തുടങ്ങിയ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1988 ജൂലായ് 10ന് തിരുവനന്തപുരത്തു വച്ച് പ്രൊഫ: എന്‍.കൃഷ്ണപിള്ള അന്തരിച്ചു. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 72 വയസ്സായിരുന്നു പ്രായം. അദ്ദേഹത്തിന്റെ സ്മരണയെ നിലനിര്‍ത്താനായി തിരുവനന്തപുരത്ത് ‘ പ്രൊഫ: എന്‍ കൃഷ്ണപിള്ള സ്മാരക സംസ്‌കൃതി കേന്ദ്രം’ എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റെ ദീപ്ത സ്മരണക്കു മുന്‍പില്‍ ആദര പ്രണാമം.
Share

Leave a Reply

Your email address will not be published. Required fields are marked *