ഒരു ഗ്രാമം മുഴുവന്‍ ഒന്നായി; കക്കാട് ഗവ. എല്‍.പി സ്‌കൂളിന്റെ കെട്ടിട നിര്‍മാണത്തിന്റെ മുഴുവന്‍ തുകയും സര്‍ക്കാര്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

ഒരു ഗ്രാമം മുഴുവന്‍ ഒന്നായി; കക്കാട് ഗവ. എല്‍.പി സ്‌കൂളിന്റെ കെട്ടിട നിര്‍മാണത്തിന്റെ മുഴുവന്‍ തുകയും സര്‍ക്കാര്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

പൊതുവിദ്യാലയ സംരക്ഷണത്തില്‍ ഈ നാട് കാണിച്ച നന്മ കേരളം മുഴുവന്‍ സംസാരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

മുക്കം: കക്കാട് ഗവ. എല്‍.പി സ്‌കൂളിന്റെ പുതിയ ഹൈടെക് കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ മുഴുവന്‍ തുകയും സര്‍ക്കാര്‍ അനുവദിക്കുമെന്ന് കേരള പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. തിരുവമ്പാടി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 1.34 കോടി രൂപ ചെലവ് വരുന്ന ആദ്യഘട്ട പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മൂന്ന് കോടിയോളം രൂപ ചെലവ് വരുന്ന പദ്ധതിക്ക് കുറവുള്ള 1.66 കോടി രൂപ കൂടി അനുവദിക്കണമെന്ന ആവശ്യം തീര്‍ച്ചയായും പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കക്കാട് ഗവ. എല്‍.പി സ്‌കൂള്‍ യു.പി സ്‌കൂളാക്കണമെന്ന ആവശ്യത്തോടും മന്ത്രി പ്രതികരിച്ചു. സ്‌കൂള്‍ യു.പി ആക്കുന്നതില്‍ സര്‍ക്കാര്‍ സംസ്ഥാനാടിസ്ഥാനത്തില്‍ നയപരമായ ഒരു തീരുമാനം എടുക്കേണ്ടതുണ്ടെന്നും അത്തരമൊരു തീരുമാനം എടുക്കുമ്പോള്‍ സ്‌കൂളിനെ യു.പി ആക്കാന്‍ മുന്തിയ പരിഗണന നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

കക്കാട് സ്‌കൂളിന്റെ പ്രവര്‍ത്തനത്തില്‍ നാട്ടുകാര്‍ കാണിച്ച താല്‍പര്യവും ഐക്യവും മാതൃകയാണ്. ഈ ഗ്രാമത്തെക്കുറിച്ച് ഞാന്‍ കേരളത്തിലെ വിവിധ വേദികളില്‍ സംസാരിക്കും. തിരുവനന്തപുരം നഗരത്തില്‍ ജീവിച്ചുവരുന്ന എനിക്ക് ഗ്രാമപ്രദേശത്തെ ജനങ്ങളുടെ മനസ്സും അവരിലെ നന്മയും നിങ്ങളുടെ ഈ ഗ്രാമത്തില്‍ എത്തിയപ്പോള്‍ നേരിട്ട് ബോധ്യമായി. ഒരു പൊതുവിദ്യാലയത്തിനായി ഒരു ഗ്രാമം മുഴുവന്‍ ഒന്നാകുന്ന അപൂര്‍വ്വ കാഴ്ച കേരളത്തിന് തന്നെ അഭിമാനകരമാണ്. മാതൃകാപരമാണിതെന്നും കരഘോഷങ്ങള്‍ക്കിടെ മന്ത്രി അറിയിച്ചു.

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കേരളത്തിന്റെ വിജയത്തിന്റെ മറ്റൊരു പ്രധാന വശമാണ്. സമഗ്രമായ വികസനം, വിമര്‍ശനാത്മക ചിന്ത, പ്രായോഗിക പഠനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന ശക്തമായ ഒരു പാഠ്യപദ്ധതിയാണ് സംസ്ഥാനത്തുള്ളതെന്നും മന്ത്രി പറഞ്ഞു.കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം വൈവിധ്യമാര്‍ന്ന പാഠ്യേതര പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങളും കഴിവുകളും മികവുറ്റതാക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, അധ്യാപക പരിശീലനത്തിനും വികസനത്തിനും അത് ശക്തമായ ഊന്നല്‍ നല്‍കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിന് ആവശ്യമായ വൈദഗ്ധ്യവും അറിവും അധ്യാപകര്‍ക്ക് ഉണ്ടെന്ന് ഉറപ്പാക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

ചടങ്ങില്‍ തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ചു. അസി. എന്‍ജിനീയര്‍ കെ അനീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത, വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.പി ജമീല, കാരശ്ശേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിജിത സുരേഷ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശാന്താദേവി മൂത്തേടത്ത്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ സൗദ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എടത്തില്‍ ആമിന, കെ.പി ഷാജി, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.കെ വിനോദ്, മുക്കം എ.ഇ.ഒ വി ദീപ്തി ടീച്ചര്‍, കുന്ദമംഗലം ബി.പി.സി പി.എന്‍ അജയന്‍, വിവിധ സംഘടനാ പ്രതിനിധികളായി കെ.പി വിനു, സമാന്‍ ചാലൂളി, സി.കെ ഷാനു, ടപി സാദിഖലി മാസ്റ്റര്‍, എ.പി മോയിന്‍, പി.കെ ഷംസുദ്ദീന്‍, സംഘാടക സമിതി രക്ഷാധികാരി ടി.പി.സി മുഹമ്മദ് ഹാജി, സ്‌കൂള്‍ കമ്മിറ്റി പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ്, എസ്.എം.സി ചെയര്‍മാന്‍ കെ ലുക്മാന്‍, എം.പി.ടി.എ ചെയര്‍പേഴ്സണ്‍ കമറുന്നീസ മൂലയില്‍, സ്‌കൂള്‍ എച്ച്.എം ജാനീസ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കുട്ടികളുടെയും പൂര്‍വ വിദ്യാര്‍ത്ഥികളുടെയും സര്‍ഗവിരുന്നും അരങ്ങേറി. മന്ത്രിയുടെ ഉദ്ഘാടന പ്രസംഗം സ്‌കൂളിലെ കൂട്ടി റിപ്പോര്‍ട്ടര്‍മാര്‍ തയ്യാറാക്കിയതും മന്ത്രിയുടെയും എം.എല്‍.എയുടെയും മനസ്സ് നിറച്ചു. പരിപാടി കഴിഞ്ഞ് വേദി വിട്ടിറങ്ങിയ വിദ്യാഭ്യാസമന്ത്രി ‘കുട്ടി റിപ്പോര്‍ട്ടര്‍മാരെ’ നേരില്‍ കൈകൊടുത്ത് അഭിനന്ദിച്ചു. ഒപ്പം അവരുടെ റിപ്പോര്‍ട്ടില്‍ പ്രത്യേകം ഒപ്പും രേഖപ്പെടുത്തി. ചടങ്ങിന് കൊഴുപ്പേകാന്‍ ബാന്റ് സംഘവും ഉണ്ടായിരുന്നു. നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വന്‍ജനമാണ് എത്തിയത്.

പണിയാനിരിക്കുന്ന ഗവ. എല്‍.പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ബേസ്മെന്റ് ഫ്ളോറില്‍ 186 ചതുരശ്ര മീറ്ററില്‍ കിച്ചന്‍, ഡൈനിങ്ങ് എന്നിവയും ഗ്രൗണ്ട് ഫ്ളോറില്‍ 367 ചതുരശ്ര മീറ്ററില്‍ രണ്ട് ക്ലാസ് റൂമുകള്‍, ലൈബ്രറി, സ്റ്റാഫ് റൂം ഓഫീസ്, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയും, ഒന്നാം നിലയില്‍ 367 ചതുരശ്രമീറ്ററില്‍ റൂമുകളും, കമ്പ്യൂട്ടര്‍ ലാബ്, സ്റ്റാഫ് റൂം സ്പെഷ്യല്‍ റൂം, ടാലെന്റ് റൂം, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയും, രണ്ടാം നിലയില്‍ 265 ചതുരശ്ര മീറ്ററില്‍ രണ്ടു ക്ലാസ്, ഓഡിറ്റോറിയം എന്നിവയും, 30 ചതുരശ്ര മീറ്ററില്‍ സ്റ്റെയര്‍കേസ് റൂം ഉള്‍പ്പെടെ 1215 ചതുരശ്ര മീറ്ററില്‍ പ്രബിത കോണ്‍ക്രീറ്റ് ചട്ടക്കൂടായിട്ടാണ് പ്ലാന്‍ തയ്യാറാക്കിയിട്ടുള്ളത്. ഇതിന്റെ ഒന്നാം ഘട്ടത്തില്‍ ബേസ്മെന്റ് ഫ്ളോറില്‍ കിച്ചനും, ഡൈനിങ്ങ് ഏരിയയും ഗ്രൗണ്ട് ഫ്ളോറില്‍ രണ്ടു ക്ലാസ് റൂമുകളും, ലൈബ്രറി, സ്റ്റാഫ് റൂം എന്നിവ ഉള്‍പ്പെടുത്തി 424 ചതുരശ്ര മീറ്ററില്‍ കെട്ടിടം നിര്‍മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ആണ് തയ്യാറാക്കിയിട്ടുള്ളത്. മുന്‍ എം.എല്‍.എ ജോര്‍ജ് എം തോമസിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 1.34 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുക. യു.എല്‍.സി.എസ് ആണ് പദ്ധതിയുടെ ടെണ്ടര്‍ ഏറ്റെടുത്തിട്ടുള്ളത്.

Share

Leave a Reply

Your email address will not be published. Required fields are marked *