കോഴിക്കോട്: ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള ബിജെപിയുടെ നടപടികളുടെ ചുമതല സിപിഎം ഏറ്റെടുക്കരുതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2024ലെ പൊതു തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപി ഏകസിവില്‍ കോഡുമായി രംഗത്തെത്തിയിട്ടുള്ളത്. ഏക സിവില്‍ കോഡ് മുസ്‌ലിം വിഷയമായി പരിമിതപ്പെടുത്താനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ചില മുസ്‌ലിം സംഘടനകളെയും രാഷ്ട്രീയ സംഘടനകളെയും ഒഴിവാക്കികൊണ്ടുള്ള പ്രതിരോധം രാഷ്ട്രീയ മുതലെടുപ്പിന് വഴിയൊരുക്കുമെന്നും, ബിജെപി മനസില്‍ കണ്ടത് മാനത്ത് കാണിച്ച് കൊടുക്കുകയാണ് സിപിഎം ചെയ്യുന്നതെന്നദ്ദേഹം കുറ്റപ്പെടുത്തി. വാര്‍ത്താ സമ്മേളനത്തില്‍ ദേശീയ
സെക്രട്ടറി ഇ.സി.ആയിശ, സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എ.അബ്ദുല്‍ ഹക്കീം, സംസ്ഥാന സെക്രട്ടറി ഉഷാ കുമാരി, ഷംസീര്‍ ഇബ്രാഹീം, ടി.കെ.മാധവന്‍, മുസ്തഫ പാലാഴി എന്നിവരും പങ്കെടുത്തു.