മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയുടെ മുഖ്യമന്ത്രി സ്ഥാനം പോയേക്കുമെന്ന സൂചന നൽകി ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയോട് രാജിവെക്കാൻ ആവശ്യപ്പെട്ടെന്നാണ് താൻ അറിഞ്ഞതെന്ന് ആദിത്യ മാധ്യമങ്ങളോടു പ്രതികരിച്ചു. സർക്കാരിൽ ചില മാറ്റങ്ങളുണ്ടായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിൽ മന്ത്രിസഭാ പുന:സംഘടന ചർച്ച ചൂടുപിടിക്കുന്നതിനിടെയാണ് ആദിത്യ താക്കറെയുടെ പ്രവചനം. എൻ.സി.പി. പിളർത്തി അജിത് പവാറും എട്ട് എം.എൽ.എമാരും സർക്കാരിന്റെ ഭാഗമായതോടെ ഷിന്ദേയെയും അദ്ദേഹത്തിനൊപ്പമെത്തിയ എം.എൽ.എമാരെയും ബി.ജെ.പി. ഒതുക്കാൻ ശ്രമിക്കുന്നെന്ന് വാർത്തകൾ പുറത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആദിത്യയുടെ വാക്കുകൾ എന്നത് ശ്രദ്ധേയമാണ്.
ശിവസേന പിളർത്തി ബി.ജെ.പിയ്‌ക്കൊപ്പം ചേർന്നാണ് ഏക്‌നാഥ് ഷിന്ദേ മുഖ്യമന്ത്രിയായത്. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസാണ് ഉപമുഖ്യമന്ത്രി. ഷിന്ദേ പക്ഷത്തുള്ള 18ഓളം എംഎൽഎമാർ തങ്ങളുമായി സംസാരിച്ചിരുന്നുവെന്ന് ശിവസേന വക്താവ് സഞ്ജയ് റാവുത്ത് വെളിപ്പെടുത്തിയിരുന്നു. എന്നാൽ രാജിവെക്കില്ലെന്ന നിലപാടിലാണ് ഷിന്ദേ. അജിത് പവാറിന്റെയും സംഘത്തിന്റെയും വരവിനെ ചൊല്ലി പാർട്ടിയിൽ കലാപമില്ലെന്നും അദ്ദേഹം പറയുന്നു.