ലോകകപ്പ് ജയിച്ച പോലെയാണ് സ്ത്രീപീഡനക്കേസില്‍ വെറുതെ വിട്ടപ്പോള്‍ തോന്നിയതെന്ന് ഫ്രാങ്കോ മുളയ്ക്കല്‍

ലോകകപ്പ് ജയിച്ച പോലെയാണ് സ്ത്രീപീഡനക്കേസില്‍ വെറുതെ വിട്ടപ്പോള്‍ തോന്നിയതെന്ന് ഫ്രാങ്കോ മുളയ്ക്കല്‍

കൊച്ചി: സ്ത്രീ പീഡനക്കേസില്‍ വെറുതെ വിട്ടപ്പോള്‍ ലോകകപ്പ് ജയിച്ച പോലെ തോന്നിയെന്ന് ഫ്രാങ്കോ മുളയ്ക്കല്‍. ജലന്ധറില്‍ യാത്രയയപ്പിന്റെ ഭാഗമായുള്ള കുര്‍ബാനയ്ക്കിടെയായിരുന്നു ഫ്രാങ്കോയുടെ പരാമര്‍ശം. തനിക്ക് എതിരെ ഉണ്ടായത് കള്ള കേസാണെന്ന് ഫ്രാങ്കോ പറഞ്ഞു.

‘ഞാന്‍ ദൈവത്തോടെ ചോദിച്ചു. തെറ്റ് ഒന്നും ചെയ്യാത്ത നീ എന്തിന് ഭയക്കണം എന്ന് ദൈവം പറഞ്ഞു. പ്രാര്‍ത്ഥനയും ദേശീയ, അന്തര്‍ ദേശീയ മാധ്യമങ്ങളുടെ പിന്തുണയും കൊണ്ട് എന്നെ വെറുതെ വിട്ടു. വെറുതെ വിട്ടപ്പോള്‍ ലോക കപ്പ് ജയിച്ച പോലെയാണ് തോന്നിയത്. ഇപ്പോള്‍ ജലന്ധറിലെ ദൗത്യം പൂര്‍ത്തിയായി” ഫ്രാങ്കോ പറഞ്ഞു.

ബിഷപ്പ് സ്ഥാനം രാജിവെച്ച ഫ്രാങ്കോ മുളക്കലിന് ജലന്ധറിലെ സെന്റ് മേരിസ് കത്തീഡ്രല്‍ പള്ളിയില്‍ വച്ചാണ് യാത്രയപ്പ് ചടങ്ങ് നടന്നത്. ചടങ്ങില്‍ പങ്കെടുക്കണമെന്ന് രൂപതയിലെ വൈദികരോടും കന്യാസ്ത്രീകളോടും വിശ്വാസികളോടും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായ ബിഷപ്പ് അഗ്‌നേലോ ഗ്രേഷ്യസ് സര്‍ക്കുലറിലൂടെ ആവശ്യപ്പെട്ടിരുന്നു. യാത്രയയപ്പ് ചടങ്ങ് നടക്കുന്ന സെന്റ് മേരിസ് കത്തീഡ്രലിന് പുറത്ത് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. പോലിസിനെയും കലാപ വിരുദ്ധ സേനയേയുമാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. മഴ മൂലം വൈകി ആരംഭിച്ച ചടങ്ങിലേക്ക് എത്തിയ ഫ്രാങ്കോയെ മുദ്രാവാക്യം വിളികളോടെയാണ് വിശ്വാസികള്‍ സ്വീകരിച്ചത്.

ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കല്‍. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു കേസ്. ആദ്യമൊക്കെ ബലാത്സംഗത്തെ എതിര്‍ത്ത ബിഷപ് ഫ്രാങ്കോ കന്യാസ്ത്രീയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് പിന്നീട് ഉന്നയിച്ചത്. എന്നാല്‍ കന്യാസ്ത്രീ മഠത്തിലെ ബിഷപ്പിന്റെ സന്ദര്‍ശനങ്ങളും മൊബൈല്‍ സന്ദേശങ്ങളുമടക്കം അന്വേഷണ ഉദ്യോഗസ്ഥര്‍ നിരത്തിയതോടെ ബിഷപ്പിന് ഉത്തരം മുട്ടിയിരുന്നു. പീഡനപരാതിയില്‍ കുറവിലങ്ങാട് പൊലീസ്, ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും രണ്ട് മാസത്തിലധികം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. അതോടെ മഠത്തിന്റെ മതില്‍ക്കെട്ടിന് പുറത്തേക്ക് കന്യാസ്ത്രീകളുടെ ശബ്ദം ഉയര്‍ന്നു. സിസ്റ്റര്‍ അനുപമയുടെ നേതൃത്വത്തില്‍ അഞ്ച് പേര്‍ സമരത്തിനിറങ്ങി. സഹപ്രവര്‍ത്തക അനുഭവിച്ച ക്രൂരപീഡനത്തിന് കാരണക്കാരനായ ബിഷപ്പിന്റെ അറസ്റ്റ് എന്നതായിരുന്നു ആവശ്യം. ഒടുവില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ കുറ്റവിമുക്തന്‍ ആയെങ്കിലും വിധിക്കെതിരായ അപ്പീല്‍ കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഫ്രാങ്കോ മുളക്കല്‍ ബിഷപ്പ് സ്ഥാനം രാജിവെച്ചത് വത്തിക്കാന്‍ നിര്‍ദേശപ്രകാരമാണ് ഫ്രാങ്കോ ബിഷപ്പ് സ്ഥാനം ഒഴിഞ്ഞതെന്നാണ് സഭാവൃത്തങ്ങള്‍ വിശദമാക്കിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *