ന്യൂഡൽഹി: ട്രെയിനുകളിലെ യാത്രക്കാർ കുറവുള്ള എസി ചെയർകാർ, എക്‌സിക്യുട്ടീവ് ക്ലാസുകളിലെ ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ കുറയ്ക്കാൻ റെയിൽവേ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് എല്ലാ സോണുകൾക്കും റെയിൽവേ ബോർഡ് നിർദേശം നൽകി. വന്ദേഭാരത് ഉൾപ്പടെ അനുഭൂതി, വിസ്താഡോം കോച്ചുകളുള്ള ട്രെയിനുകളിലാണ് നിരക്ക് ഇളവുണ്ടാകുക.
കഴിഞ്ഞ 30 ദിവസങ്ങൾക്കിടെ 50 ശതമാനത്തിലും താഴെ യാത്രക്കാരുള്ള ട്രെയിനുകളിലാണ് നിരക്ക് കുറയ്ക്കുക. അടിസ്ഥാന നിരക്കിലാണ് ഇളവുണ്ടാവുക. റിസർവേഷൻ, സൂപ്പർഫാസറ്റ് ചാർജ്, ജിഎസ്ടി എന്നിവയിൽ ഇളവുണ്ടാവില്ല. നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകളിൽ ഇളവ് ലഭിക്കില്ല. അവധിക്കാല-ഉത്സവ പ്രത്യേക ട്രെയിനുകളിലും നിരക്കിളവ് ഉണ്ടാവില്ല. കുറഞ്ഞ നിരക്ക് ഉടനടി പ്രാബല്യത്തിൽ വരുമെന്നും റെയിൽവേ ബോർഡ് അറിയിച്ചു.
അതേസമയം, വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിൽ നിരക്കിളവ് ബാധകമാണെങ്കിലും കേരളത്തിലോടുന്ന വന്ദേഭാരത് യാത്രക്കാർക്ക് നിരക്കിളവ് ഉണ്ടാകാൻ സാധ്യതയില്ല. രാജ്യത്ത് ഓടുന്ന വന്ദേഭാരതുകളിൽ കേരളത്തിലോടുന്ന ട്രെയിനാണ് യാത്രക്കാരുടെ എണ്ണത്തിൽ ഒന്നും രണ്ടും സ്ഥാനത്ത് നിൽക്കുന്നത്.