ബാംഗ്ലൂര്‍: മുന്‍ മന്ത്രിയും പ്രശസ്ത കന്നഡ എഴുത്തുകാരിയുമായ ഡോക്ടര്‍ ലളിതാ നായികും വിവിധ ജില്ലകളില്‍ നിന്നുള്ള ആയിരത്തിലധികം അനുഭാവികളും സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ (ഇന്ത്യ) ചേര്‍ന്നു. സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം നിരവധി അവാര്‍ഡുകള്‍ നേടിയ അവര്‍ ഏതാനും കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം അവര്‍ക്ക് ധാരാളം അനുയായികളുണ്ട്. സോഷ്യലിസ്റ്റ് പാര്‍ട്ടി ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് മുന്‍ എം.പി പാര്‍ട്ടി അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മൈക്കിള്‍ ഫെര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു, പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി നൂറുല്‍ അമീന്‍, പാര്‍ട്ടി ദേശീയ വക്താവ് മനോജ് ടി. സാരംഗ്, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് നിങ്കപ്പ ദേവരവര്‍, അപ്പാ സാഹേബ്, ഡി. ഗോപാലകൃഷ്ണ, ടോമി മാത്യു, ശൈലേന്ദ്ര പട്ടേല്‍ എന്നിവര്‍ പ്രസംഗിച്ചു. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടു ജനങ്ങളെ ജാതീയമായി ഭിന്നിപ്പിക്കാന്‍ വേണ്ട ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി നടപടികള്‍ക്കെതിരെ ജനാധിപത്യ മതേതര പാര്‍ട്ടികള്‍ യോജിച്ചു പൊരുതണമെന്ന് തമ്പാന്‍ തോമസ് തന്റെ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.