മാവൂര്‍: ബിര്‍ളയുടെ കൈവശമുള്ള മാവൂരിലെ ഭൂമി സംസ്ഥാന സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. ‘ഒന്നിപ്പ്’ കേരള പര്യടനത്തിന്റെ ഭാഗമായി മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് സമരഭൂമി സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിര്‍ള കമ്പനിക്ക് കൊടുത്ത ഭൂമി അവര്‍ വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നില്ലെങ്കില്‍ അത് തിരിച്ചെടുക്കാന്‍ വ്യവസ്ഥയുണ്ട്. കമ്പനി ഭൂമി വിട്ടു തരുന്നില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അത് നിയമപരമായി ഏറ്റെടുക്കണം. എന്നാല്‍ സംസ്ഥാന സര്‍ക്കാരും ബിര്‍ള കമ്പനിയും ഈ വിഷയത്തില്‍ ഒത്തു കളിക്കുകയാണ്. നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന കേസില്‍ 23 തവണയാണ് സര്‍ക്കാര്‍ വക്കീല്‍ ഹാജരാകാതിരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കോഴിക്കോട് ജില്ലയിലെ പര്യടനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി, ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍, താമരശ്ശേരി ആര്‍ച്ച് ബിഷപ്പ് ഇഞ്ചനാനിയേല്‍, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് എം.എ മെഹബൂബ്, വൈക്കം മുഹമ്മദ് ബഷീര്‍ വീട്, വിവേകാനന്ദ മിഷന്‍ ആശ്രമം സ്വാമി ഭാവ പ്രിയാനന്ദ, ആക്ടിവിസ്റ്റ് ഗ്രോ വാസു എന്നിവരെ സന്ദര്‍ശിച്ചു.
സമരസമിതി ചെയര്‍മാനും മാവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ ടി.രഞ്ജിത്, സമര സമിതി കോഡിനേറ്റര്‍ കെ.പി രാജശേഖരന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ഇ.സി ആയിഷ, ജനറല്‍ സെക്രട്ടറി ജബീന ഇര്‍ഷാദ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ അബ്ദുല്‍ ഹക്കീം , സംസ്ഥാന സെക്രട്ടറിമാരായ ഉഷാകുമാരി, അന്‍സാര്‍ അബൂബക്കര്‍, ജില്ലാ പ്രസിഡന്റ് ടി.കെ മാധവന്‍, സംസ്ഥാന കമ്മിറ്റി അംഗം ചന്ദ്രിക കൊയിലാണ്ടി, ഷമീര്‍ മാവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.