തിരുവനന്തപുരം: കേരളത്തില്‍ മഴയുടെ തീവ്രത കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ ഒരിടത്തും പ്രഖ്യാപിച്ചിട്ടില്ല. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു.
മലയോര മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശമുണ്ട്. തീരമേഖലകളിലും കേന്ദ്രകാലാവസ്ഥാ വകുപ്പ് ജാഗ്രതാമുന്നറിയിപ്പ് നല്‍കുന്നു. ജൂലൈ 9 മുതല്‍ ജൂലൈ 11 വരെയുള്ള തീയതികളില്‍ ജില്ലകളില്‍ നിലവില്‍ ഒരു അലര്‍ട്ടുകളും പ്രഖ്യാപിച്ചിട്ടില്ല. യെല്ലോ അലേര്‍ട്ട് നിലവിലുള്ള കോഴിക്കോട് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. ആറ് ദുരിതാശ്വാസ ക്യാംപുകളിലായി 129 പേരെയാണ് ജില്ലയില്‍ നിലവില്‍ മാറ്റി പാര്‍പ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ വ്യാപകമായി ലഭിച്ച സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം എന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
കോട്ടയത്ത് മഴ കുറഞ്ഞു. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളമിറങ്ങി തുടങ്ങി. മീനച്ചില്‍, മണിമല ആറുകളില്‍ ജലനിരപ്പ് കുറയുന്നു. കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്ത മലയോര മേഖലയിലും മഴയ്ക്ക് ശമനമുണ്ട്. 74 ക്യാംപുകളില്‍ 643 കുടുംബങ്ങളാണ് കഴിയുന്നത്. ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം 58 ആയി. ചെങ്ങന്നൂര്‍ – 22, കുട്ടനാട് – 14, മാവേലിക്കര – 7 , ചേര്‍ത്തല – 4, കാര്‍ത്തികപ്പള്ളി – 7, അമ്പലപ്പുഴ – 4 ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. 1097 കുടുംബങ്ങളില്‍ നിന്നായി 1510 പുരുഷന്മാരും 1663 സ്ത്രീകളും 557 കുട്ടികളുമടക്കം 3730 പേരാണ് ക്യാംപുകളില്‍ കഴിയുന്നത്.
ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദ്ദേശം
വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് ജൂലൈ ഒമ്പത് രാത്രി 11.30 വരെ ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ട്. 3.5 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരമാല സെക്കന്‍ഡില്‍ 55 സെന്റി മീറ്ററിനും 74 സെന്റി മീറ്ററിനും ഇടയില്‍ വേഗത്തിലെത്താന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
തെക്കന്‍ തമിഴ്‌നാട് തീരത്ത് (കൊളച്ചല്‍ മുതല്‍ കിലക്കരൈ) വരെ ഇന്ന് രാത്രി 11.30 വരെ 2.5 മുതല്‍ 2.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം.