ആസിം വെളിമണ്ണ ഫൗണ്ടേഷനുമായി ചേര്‍ന്ന് നൂറ് കുട്ടികള്‍ക്കുകൂടി കാന്‍സര്‍ ചികിത്സ ലഭ്യമാക്കും
കോഴിക്കോട്: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നിന്ന് വിജയകരമായ മജ്ജ മാറ്റിവയ്ക്കല്‍ ചികിത്സയിലൂടെ സ്വസ്ഥമായ ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരുടെ സംഗമം ഒരുക്കി. പ്രശസ്ത ഭിന്നശേഷി അവകാശ പ്രവര്‍ത്തകന്‍ ആസിം വെളിമണ്ണ ഉദ്ഘാടനം ചെയ്ത സംഗമത്തില്‍ കേരള ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജന. സെക്രട്ടറി കരീം കാരശേരി വിശിഷ്ടാതിഥി ആയിരുന്നു. ആസിം വെളിമണ്ണ ഫൗണ്ടേഷനുമായി ചേര്‍ന്ന് നിര്‍ധന കുടുംബങ്ങളിലെ 100 കുഞ്ഞുങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് സൗജന്യ നിരക്കിലും കാന്‍സര്‍ ചികിത്സ ലഭ്യമാക്കുന്നതിനുള്ള സെക്കന്റ് ലൈഫ് 2.0 പദ്ധതിയുടെ പ്രഖ്യാപനം നടത്തി.
ചുരുങ്ങിയ കാലംകൊണ്ട് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് മജ്ജ മാറ്റി വെക്കല്‍ ചികിത്സ നല്‍കിയ ആശുപത്രി കൂടിയാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ്. മാത്രമല്ല ഇതില്‍ തന്നെ ഭൂരിപക്ഷം ട്രാന്‍സ്പ്ലാന്റും സൗജന്യമായോ കുറഞ്ഞ നിരക്കിലോ ആണ് നിര്‍വ്വഹിച്ചത് എന്നത് അഭിമാനകരമാണ്. കുട്ടികളുടെ ഹെമറ്റോ ഓങ്കോളജി കണ്‍സള്‍ട്ടന്റ് ഡോ. എം.ആര്‍ കേശവന്‍, മുതിര്‍ന്നവരുടെ ഹെമറ്റോ ഓങ്കോളജി കണ്‍സള്‍ട്ടന്റ് ഡോ. വി. സുദീപ് എന്നിവര്‍ അനുഭവങ്ങള്‍ പങ്കിട്ടു. ഡെപ്യൂട്ടി സി.എം.എസ് ഡോ. നൗഫല്‍ ബഷീര്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ലുക്മാന്‍ പൊന്മാടത്ത്, ആസ്റ്റര്‍ വളന്റീയേഴ്‌സ് മലബാര്‍ ലീഡ് മുഹമ്മദ് ഹസീം, ഓപ്പറേഷന്‍സ് വിഭാഗം അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പ്രവിത അഞ്ചാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചികിത്സക്ക് നേതൃത്വം നല്‍കിയിയ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ മറ്റു ജീവനക്കാര്‍ എന്നിവരെ ആദരിച്ചു.