ടൊവിനോയുടെ പുതിയ ചിത്രം ‘ഐഡന്റിറ്റി’ പ്രഖ്യാപിച്ചു. ഫോറൻസിക് എന്ന സിനിമയ്ക്ക് ശേഷം ടൊവിനോയും അഖിൽ പോൾ- അനസ്ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത്. തെന്നിന്ത്യൻ താരം ത്രിഷയാണ് ചിത്രത്തിൽ നായിക. 50 കോടിയിൽ പരം മുതൽമുടക്കിൽ നാല് ഭാഷകളിലായി വമ്പൻ ക്യാൻവാസിലാണ് ചിത്രമൊരുങ്ങുന്നത്.
ഇതൊരു ആക്ഷൻ ചിത്രമായിരിക്കും. നൂറിൽപരം ദിവസങ്ങൾ ചിത്രീകരണം പദ്ധതിയിടുന്ന ഐഡന്റിറ്റിയിൽ മുപ്പതോളം ദിവസങ്ങൾ ആക്ഷൻ രംഗങ്ങൾ മാത്രം ഒരുക്കുവാനാണ് നീക്കിവെച്ചിരിക്കുന്നത്.
തൃഷ, ടൊവിനോ തോമസ് എന്നിവരെക്കൂടാതെ വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ട്. രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് നിർമ്മിക്കുന്നത്. അവതരണ മികവുകൊണ്ടും സാങ്കേതിക മികവു കൊണ്ടും ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ഫോറൻസിക്ക് ശേഷം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷകളും വാനോളം ആണ്.