ന്യൂഡൽഹി: അപകീർത്തിക്കേസിൽ ഗുജറാത്ത് ഹൈക്കോടതി വിധിക്ക് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി ആം ആദ്മി പാർട്ടി. ഗുജറാത്ത് ഹൈക്കോടതിയുടെ വിധി തികച്ചും ന്യായരഹിതമാണെന്ന് ആംആദ്മി പാർട്ടി വക്താവ് പ്രിയങ്ക കക്കഡ് കോടതിവിധിയെ കുറിച്ച് പ്രതികരിച്ചു. ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും മുമ്പ് ഇതേ അഭിപ്രായം പറഞ്ഞിരുന്നു.
അപകീര്‍ത്തിക്കേസില്‍ സൂറത്ത് സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെയാണ് എഎപി പിന്തുണയിമായി എത്തിയത്.
ബിജെപി ഇതര നേതാക്കളേയും പാർട്ടികളേയും ഇല്ലാതാക്കാനായുള്ള ഗൂഢാലോചന നടക്കുകയാണെന്നും കോൺഗ്രസും തങ്ങളും തമ്മിൽ അഭിപ്രായഭിന്നതകളുണ്ടെങ്കിലും രാഹുൽ ഗാന്ധിക്കെതിരെ ഇത്തരത്തിലുള്ള അപകീർത്തിക്കേസ് ചുമത്തുന്നത് ശരിയല്ലെന്ന് മാർച്ച് 23 ന് ട്വിറ്ററിലൂടെ കെജ്‌രിവാൾ പറഞ്ഞിരുന്നു. കോടതിയോട് ബഹുമാനമുണ്ടെങ്കിലും രാഹുലിനെതിരെയുള്ള കോടതി വിധിയെ അനുകൂലിക്കാൻ ഒരുക്കമല്ലെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
യഥാർഥപ്രശ്‌നങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ മാറ്റുന്നതിനുള്ള രാഷ്ട്രീയ നീക്കമാണ് ബിജെപിയുടെ ഭാഗത്തുനിന്നുള്ളതെന്നും അത്തരത്തിലുള്ള രാഷ്ട്രീയപ്രവർത്തനം നിർത്തേണ്ടതാണെന്നും പ്രിയങ്ക കക്കഡ് അഭിപ്രായപ്പെട്ടു. ഹൈക്കോടതി വിധിക്കെതിരെ രാഹുൽ സുപ്രീം കോടതിയെ സമീപിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.