കക്കാട് ഒരുങ്ങി; പുതിയ ഹൈടെക് സ്‌കൂള്‍ കെട്ടിട സമുച്ചയത്തിന് വിദ്യാഭ്യാസ മന്ത്രി നാളെ ശിലയിടും

കക്കാട് ഒരുങ്ങി; പുതിയ ഹൈടെക് സ്‌കൂള്‍ കെട്ടിട സമുച്ചയത്തിന് വിദ്യാഭ്യാസ മന്ത്രി നാളെ ശിലയിടും

മുക്കം: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചുവട് വയ്ക്കുന്ന കക്കാട് ഗവ. എല്‍.പി സ്‌കൂളിനായി പുതുതായി പണിയുന്ന ഹൈടെക് കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപന കര്‍മം (ജൂലൈ 9ന്) ഞായറാഴ്ച രാവിലെ 11ന് നടക്കും. സ്‌കൂള്‍ വികസന സമിതിയുടെയും പി.ടി.എയുടെയും നേതൃത്വത്തില്‍ നാട്ടുകാരും പ്രവാസികളും കാരശ്ശേരി ഗ്രാമപഞ്ചായത്തും ചേര്‍ന്ന് വിലകൊടുത്തു വാങ്ങിയ കണ്ടോളിപ്പാറയിലെ 22 സെന്റ് സ്ഥലത്താണ് വിഷന്‍ 2025 പദ്ധതിയുടെ ഭാഗമായി അത്യാധുനിക കെട്ടിട സമുച്ചയം യാഥാര്‍ത്ഥ്യമാവുക.

തിരുവമ്പാടി എം.എല്‍.എയായിരുന്ന ജോര്‍ജ് എം തോമസിന്റെ ആസ്തി വികസന ഫണ്ടില്‍നിന്ന് 1.34 കോടി രൂപ ചെലവഴിച്ചാണ് മൂന്ന് കോടിയോളം രൂപ ചെലവ് വരുന്ന പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുക. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫ് അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉബൈബ റിപ്പോര്‍ട്ട് അവതരിപ്പിക്കും. മുന്‍ എം.എല്‍.എ ജോര്‍ജ് എം. തോമസ് മുഖ്യാതിഥിയാകും. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത, വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.പി ജമീല, കാരശ്ശേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിജിത സുരേഷ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സത്യന്‍ മുണ്ടയില്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശാന്താദേവി മൂത്തേടത്ത്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ സൗദ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എടത്തില്‍ ആമിന, കെ.പി ഷാജി, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.കെ വിനോദ്, മുക്കം എ.ഇ.ഒ വി ദീപ്തി ടീച്ചര്‍, കുന്ദമംഗലം ബി.പി.സി പി.എന്‍ അജയന്‍, വിവിധ സംഘടനാ പ്രതിനിധികളായി കെ.പി വിനു, സമാന്‍ ചാലൂളി, പി.കെ രതീഷ്, ടി.എം സുബൈര്‍ ബാബു, കെ.സി അബ്ദുല്‍മജീദ്, അരുണ്‍ തോമസ് കിഴക്കേമുറി, എ.പി മോയിന്‍, പി.കെ ഷംസുദ്ദീന്‍, സംഘാടക സമിതി രക്ഷാധികാരി ടി.പി.സി മുഹമ്മദ് ഹാജി, സ്‌കൂള്‍ കമ്മിറ്റി ഭാരവാഹികളായ കെ.സി റിയാസ്, കെ ലുക്മാന്‍, കമറുന്നീസ മൂലയില്‍, സ്‌കൂള്‍ എച്ച്.എം ജാനീസ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും.

ഗുണമേന്മയുള്ള വിദ്യാഭ്യാസം വരാനിരിക്കുന്ന തലമുറയുടെ അവകാശമാണെന്ന നിലയ്ക്ക് അവരുടെ ഭാവി മുമ്പില്‍ കണ്ട്, ദീര്‍ഘവീക്ഷണത്തോടെയുള്ള, അതിബൃഹത്തായ ഒരു മാതൃകാ വിദ്യാഭ്യാസ പദ്ധതിയാണ് വിഷന്‍ 2025 പദ്ധതിയിലൂടെ സ്‌കൂള്‍ ലക്ഷ്യമിടുന്നത്. 15000-ത്തിലേറെ സ്‌ക്വയര്‍ ഫീറ്റില്‍ പൂര്‍ണമായും സോളാറില്‍ അഥവാ സൗരോര്‍ജത്തെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ഹരിതസൗഹൃദ വിദ്യാലയമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഭിന്നശേഷി വിദ്യാര്‍ത്ഥിക്കു പുറമെ, സര്‍ക്കാര്‍ പറമ്പ്, മാടകശ്ശേരി എന്നി രണ്ട് എസ്.സി കോളനികളിലെ കുട്ടികള്‍ അടക്കം 250-ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിനെ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആദ്യ സര്‍ക്കാര്‍ യു.പി സ്‌കൂളായി ഉയര്‍ത്താനാണ് ശ്രമം. കഴിഞ്ഞ പഞ്ചായത്ത് കായികമേളയില്‍ റണ്ണേഴ്സപ്പായ സ്‌കൂളില്‍ ഈ വര്‍ഷം ഉപജില്ലാ തലത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനും സ്‌കൂള്‍ പി.ടി.എ തീരുമാനിച്ചിട്ടുണ്ട്. സ്‌കൂളിന്റെ തറക്കല്ലിടല്‍ കര്‍മം വന്‍ വിജയമാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് എല്ലാവരും.

Share

Leave a Reply

Your email address will not be published. Required fields are marked *