നമ്മുടെ ശരീരത്തിലൂടെ ഓക്‌സിജന്‍ എത്തിക്കാന്‍ ചുവന്ന രക്താണുക്കളെ സഹായിക്കുന്ന ഒരു പ്രധാന ധാതുവാണ് ഇരുമ്പ്. ഓരോ മനുഷ്യന്റെയും വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും ഇരുമ്പ് അത്യാവശ്യമാണ്. സ്ത്രീകളെ സംബന്ധിച്ച് ആര്‍ത്തവം, ഗര്‍ഭകാലം, മുലയൂട്ടല്‍ എന്നീ ഘട്ടങ്ങളിലെല്ലാം ഇരുമ്പിന്റെ ആവശ്യകത വളരെ കൂടുതലാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യമുള്ള ചര്‍മ്മം, മുടി, നഖം എന്നിവയും ഇരുമ്പ് അല്ലെങ്കില്‍ അയണ്‍ പ്രധാനം ചെയ്യുന്നു. ഇരുമ്പിന്റെ കുറവ് സാധാരണയായി കൗമാരക്കാരായ പെണ്‍കുട്ടികളിലും സ്ത്രീകളിലും കണ്ടുവരുന്ന ഒരു പ്രശ്‌നമാണ്. മനുഷ്യശരീരത്തിലെ ഇരുമ്പിന്റെ നല്ലൊരു ശതമാനം രക്തത്തിലെ ഹിമോഗ്ലോബിനിലാണ് അടങ്ങിയിരിക്കുന്നത്. ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോള്‍ ഹിമോഗ്ലോബിന്റെ അളവ് കുറയുകയും അനീമിയക്ക് കാരണമാവുകയും ചെയ്യുന്നു.
ഇരുമ്പിന്റെ അഭാവത്തിന്റെ ലക്ഷണങ്ങള്‍
ക്ഷീണം, തലകറക്കം, ശ്വാസതടസ്സം എന്നിവ നിങ്ങള്‍ക്ക് രക്തത്തില്‍ ഇരുമ്പിന്റെ കുറവുള്ളതിന്റെ ലക്ഷണങ്ങളണ്. വിളറിയ ചര്‍മ്മവും ഇതില്‍ പെടും. ഇവയിലേതെങ്കിലും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കുക. ഇരുമ്പിന്റെ കുറവ് ഉണ്ടോ എന്നറിയാന്‍ ലളിതമായ രക്തപരിശോധനയിലൂടെ സാധിക്കും
ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
നിങ്ങളുടെ ഭക്ഷണക്രമം ഇരുമ്പിന്റെ കുറവിനും തത്ഫലമായി വിളര്‍ച്ചയ്ക്കും കാരണമാകുന്നു. അതിനാല്‍ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. കൂടുതല്‍ ഇലക്കറികള്‍, ധാന്യങ്ങള്‍, മാംസം, ബീറ്റ്‌റൂട്ട്, പപ്പായ, മാതള നാരങ്ങ, ബീന്‍സ്, കടല, പയറ്, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവയ്‌ക്കൊപ്പം ആപ്രിക്കോട്ട്, പ്‌ളം, ഉണക്കമുന്തിരി തുടങ്ങിയ പഴങ്ങളും സ്ഥിരമായി കഴിക്കാന്‍ ശ്രദ്ധിക്കുക. ഇതിന് പുറമെ സപ്ലിമെന്റ്‌സായ അയണ്‍ ഗുളികകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കുന്നതും ഇതിനൊരു പരിഹാരമാണ്.
ഇരുമ്പിന്റെ കുറവുണ്ടെങ്കില്‍ എന്ത് സംഭവിക്കും?
ഭക്ഷണങ്ങളില്‍ നിന്നോ സപ്ലിമെന്റുകളില്‍ നിന്നോ ആവശ്യത്തിന് ഇരുമ്പ് ലഭിക്കാത്ത കുട്ടികള്‍ക്ക് അനീമിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് ചികിത്സിക്കാതിരിക്കുന്നത് ഇരുമ്പിന്റെ കുറവ് മൂലമുള്ള അനീമിയ പോലുള്ള അവസ്ഥയിലേക്ക് എത്തിക്കും. ഇത് പലവിധത്തിലുള്ള രോഗങ്ങള്‍ക്കും അണുബാധയ്ക്കും കാരണമാകും. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് വരെ സാധ്യതയുണ്ട്. ഗര്‍ഭാവസ്ഥയില്‍, ഇരുമ്പിന്റെ കുറവുണ്ടായാല്‍ പ്രസവത്തിലെ സങ്കീര്‍ണതകള്‍ക്കും ഗര്‍ഭസ്ഥശിശുവിന് ആരോഗ്യക്കുറവിനും കാരണമായേക്കാം.