വിക്ഷേപണ തീയതിയില്‍ മാറ്റം; ചന്ദ്രയാന്‍ 3ന്റെ വിക്ഷേപണ വിന്‍ഡോ ജൂലൈ 14 മുതല്‍ 25 വരെയാക്കി

വിക്ഷേപണ തീയതിയില്‍ മാറ്റം; ചന്ദ്രയാന്‍ 3ന്റെ വിക്ഷേപണ വിന്‍ഡോ ജൂലൈ 14 മുതല്‍ 25 വരെയാക്കി

ന്യൂഡല്‍ഹി: ചാന്ദ്ര പര്യവേക്ഷണ ദൗത്യം ചന്ദ്രയാന്‍ – 3ന്റെ വിക്ഷേപണ തീയതി ഐ.എസ്.ആര്‍.ഒ മാറ്റി. ജൂലൈ13ന് പകരം14ന് വിക്ഷേപണം നടക്കുന്ന രീതിയിലാണ് പുനഃക്രമീകരണം. വിക്ഷേപണ വിന്‍ഡോ ജൂലൈ 14 മുതല്‍ 25 വരെയാക്കിയും പുനഃക്രമീകരിച്ചിട്ടുണ്ട്. നേരത്തെ ഇത് ജൂലൈ 12 മുതല്‍ 19 വരെയായിരുന്നു. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമാണ് ചന്ദ്രയാന്‍- 3. ചന്ദ്രോപരിതലത്തില്‍ പര്യവേഷണം നടത്തുന്നതിനുള്ള ലാന്‍ഡറും റോവറും അടങ്ങുന്നതാണ് ദൗത്യ പേടകം. ജി.എസ്.എല്‍.വി മാക്ക് -3 എന്ന വിക്ഷേപണ വാഹനമാണ് ചന്ദ്രയാന്‍ പേടകത്തെ ബഹിരാകാശത്തെത്തിക്കുക. ഘട്ടം ഘട്ടമായി പരിക്രമണപാത ഉയര്‍ത്തി ഭൂമിയുടെ ഭ്രമണപഥവും ചന്ദ്രന്റെ പരിക്രമണ പാതയും താണ്ടി 40 ദിവസങ്ങളോളമെടുത്താണ് പേടകം ചന്ദ്രനില്‍ ഇറങ്ങുക. വിക്ഷേപണത്തിനുള്ള അന്തിമഘട്ട ഒരുക്കങ്ങളിലാണ് ശ്രീഹരിക്കോട്ടയിലെ ഐ.എസ്.ആര്‍.ഒ ആസ്ഥാനം.

2019ലെ ചന്ദ്രയാന്‍ 2 ദൗത്യം ഭാഗികമായി പരാജയപ്പെട്ടതോടെയാണ് മൂന്നാമത്തെ ദൗത്യത്തിന് ഐ.എസ്.ആര്‍.ഒ രൂപരേഖ തയ്യാറാക്കിയത്. രണ്ടാം ദൗത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചന്ദ്രോപരിതലത്തിലെ സോഫ്റ്റ് ലാന്‍ഡിങ് ആയിരുന്നു ഇന്ത്യയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചത്. ലാന്‍ഡര്‍ പതുക്കെ ഇറങ്ങേണ്ടതിനു പകരം പ്രവേഗം നിയന്ത്രിക്കാനാവാതെ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയതോടെയാണ് ദൗത്യം പരാജയപ്പെട്ടത്. ചന്ദ്രയാന്‍ 2ന്റെ ഭാഗമായ ചന്ദ്രനെ പരിക്രമണം ചെയ്ത് വിവരങ്ങള്‍ ശേഖരിക്കുന്ന ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. ഓര്‍ബിറ്ററിന്റെ സേവനം പ്രയോജനപ്പെടുത്തിയാണ് ചാന്ദ്ര പേടകം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക.

Share

Leave a Reply

Your email address will not be published. Required fields are marked *