റോഡുകള്‍ തോടുകളായി, മതിലുകള്‍ തകര്‍ന്ന് വീഴുന്നു

റോഡുകള്‍ തോടുകളായി, മതിലുകള്‍ തകര്‍ന്ന് വീഴുന്നു

മാഹി: കനത്ത മഴയില്‍ മാഹിയിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിലായി. മൂലക്കടവ്, പള്ളൂര്‍, ചാലക്കര പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്. മൂലക്കടവില്‍ ഗവ.എല്‍.പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാംപ് ആരംഭിച്ചു. മൂലക്കടവില്‍ നിരവധി കുടുംബങ്ങളെ തോണിയിലാണ് വീടുകളില്‍ നിന്നും രക്ഷപ്പെടുത്തിയത്. മിക്ക വീടുകളിലും വെള്ളം കയറിയിരുന്നു. ഒരു കുടുംബത്തിലെ ഒന്‍പതോളം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപില്‍ തങ്ങിയിരിക്കുകയാണ്. മറ്റു കുടുംബം അവരുടെ ബന്ധുവീടുകളിലേക്കും മറ്റുമായി മാറ്റിയിരിക്കുകയാണ്.
പള്ളൂര്‍ കമ്മ്യൂണിറ്റി ഹാള്‍ മുതല്‍ അറവിലകത്തു പാലം വരെയുള്ള പ്രദേശം പൂര്‍ണ്ണമായും വെള്ളം കയറി. ഇവിടെ ആറോളം കുടുംബങ്ങളെ ബന്ധുവീട്ടുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ചാലക്കര വയല്‍പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായിരുന്നു. ചാലക്കര – പൂന്നോല്‍ റോഡിലും പരിസരത്തെ വീടുകളിലും വെള്ളം കയറിയത് ഭീതി പരത്തി.

ചാലക്കര മഠം ഗ്യാസ് ഗോഡൗണ്‍ റോഡിലും വെള്ളം കയറി. ഇവിടങ്ങളിലെല്ലാം തന്നെ വാഹന ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ഇന്നലെ രാത്രി ഒരു മണിയോടു കൂടിയാണ് കനത്ത മഴയെ തുടര്‍ന്ന് ഇവിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായത്. മാഹി റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവ്‌രാജ് മീണ സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ പി.പി ഷൈജു, മനോജ് വളവില്‍, റവന്യു ഇന്‍സ്‌പെക്ടര്‍ അനീഷ്, വില്ലേജ് ഓഫിസര്‍ ബൈജു ഫിഷറീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. നാട്ടുകാരും രംഗത്തുണ്ട്. ചാലക്കരയില്‍ മാഹി കോളജിനടുത്ത് താമസിക്കുന്ന വി.എം അശോകന്റെ വീട് മതില്‍ നിലംപൊത്തി. അയല്‍വാസി മതിലിനോട് ചേര്‍ന്ന് മണ്ണിടിച്ചതാണ് അപകടത്തിനിടയാക്കിയത്. മുണ്ടോക്ക് സെമിത്തേരി റോഡിലെ മുന്‍ സര്‍വേയര്‍ രാജേന്ദ്രന്റെ വീട്ട് മതിലും തകര്‍ന്നു. തൊട്ട് താഴെ വിശാലമായ സ്ഥലത്തെ മണ്ണ് ആഴത്തിലെടുത്തതാണ് മതിലിടിയാന്‍ കാരണമായത്.

Share

Leave a Reply

Your email address will not be published. Required fields are marked *