ആരോഗ്യമുള്ള ഇടതൂര്‍ന്ന മുടി സ്ത്രീകളുടെയും പുരുഷന്മാരുടെയും ഒരേ പോലെയുള്ള ആഗ്രഹമാണ്. മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഹെയര്‍ മാസ്‌കുകള്‍ക്ക്
സാധിക്കും. ഇവ ദുര്‍ബലമായ മുടിയെ ശക്തിപ്പെടുത്താനും സോഫ്റ്റാകാനുമുളള പോഷകങ്ങള്‍ നല്‍കുന്നു. മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന 5 ഹെയര്‍ മാസ്‌കുകള്‍ ഇതാ.
അവക്കാഡോ ഒലിവ് ഓയില്‍ മാസ്‌ക് : പകുതി അവക്കാഡോ ഉടച്ച് രണ്ട് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയിലുമായി ചേര്‍ത്ത മിശ്രിതം തയ്യാറാക്കുക. ഇത് മുടിയില്‍ എല്ലാ ഭാഗത്തും നന്നായി പുരട്ടുക. മുടിയുടെ അറ്റത്ത് കൂടുതല്‍ തേച്ചുപിടിപ്പിക്കാന്‍ ശ്രദ്ധിക്കുക. മുടിയുടെ അഗ്രം പൊട്ടിപ്പോകുന്നത് തടയാന്‍ ഇത് സഹായിക്കും. 30-45 മിനുട്ട് വച്ച ശേഷം കഴുകിക്കളയുക. ശേഷം ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് മുടി കഴുകാം.
തൈരും മുട്ടയും: ഒരു മുട്ട അടിച്ച് അരക്കപ്പ് പ്ലെയിന്‍ തൈരില്‍ കലര്‍ത്തുക. മിശ്രിതം മുടിയില്‍ പുരട്ടി 20-30 മിനിറ്റ് നന്നായി തേച്ച് പിടിപ്പിക്കുക. പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി 5, സിങ്ക് അടക്കം നിരവധി പ്രോബയോട്ടിക്കുകള്‍ അടങ്ങിയ തൈരും പ്രോട്ടീന്‍ അടങ്ങിയ മുട്ടയും മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു.
വെളിച്ചെണ്ണയും വിറ്റാമിന്‍ ഇ യും: രണ്ട് വിറ്റാമിന്‍ ഇ കാപ്സ്യൂളുകള്‍ പൊട്ടിച്ച് രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയുമായി ചേര്‍ക്കുക. ഈ മിശ്രിതം നിങ്ങളുടെ മുടിയിലും തലയോട്ടിയിലും പുരട്ടുക, ശേഷം മൃദുവായി മസാജ് ചെയ്യുക. ഇത് 1-2 മണിക്കൂര്‍ മുടിയില്‍ പിടിച്ച ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.
വാഴപ്പഴവും തേനും : നന്നായി പഴുത്ത വാഴപ്പഴം ഉടച്ച് രണ്ട് ടേബിള്‍സ്പൂണ്‍ തേനുമായി കലര്‍ത്തുക. ഈ മിശ്രിതം മുടിയില്‍ പുരട്ടി 30 മിനിറ്റ് വയ്ക്കുക. പിന്നീട് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകികളയുക. തേന്‍ മുടിയില്‍ ആയാല്‍ മുടി വെളുത്ത് പോകുമെന്നുള്ള മിഥ്യാ ധാരണകള്‍ക്ക് അടിസ്ഥാനമില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
കറ്റാർ വാഴയും ആവണക്കെണ്ണയും : രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ ഒരു ടേബിള്‍സ്പൂണ്‍ ആവണക്കെണ്ണയുമായി മിക്‌സ് ചെയ്യുക. മിശ്രിതം മുടിയില്‍ പുരട്ടി 30-45 നന്നായി കഴുകി കളയുക, പതിവുപോലെ ഷാംപൂ ചെയ്യുക. മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച വസ്തുവാണ് കറ്റാര്‍ വാഴ.