തിരുവനന്തപുരം : ഈ വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് ഇന്ന് തുടക്കമായപ്പോള്‍ പ്രവേശനം ലഭിക്കാതെ പുറത്തു നില്‍ക്കുന്നത് അരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍. ഈ വര്‍ഷം എസ്.എസ്.എല്‍.സി റഗുലര്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ എണ്ണം 4,19,128 ആയിരുന്നു. ഇതില്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം 4,17,864 ആണ്. ഇതില്‍ മൂന്നാംഘട്ടത്തേതും അവസാനത്തേതുമായ അലോട്ട്മെന്റ് പ്രകാരം ഇതുവരെ സംസ്ഥാനത്തെ പ്ലസ് വണ്‍ കോഴ്സിന് പ്രവേശനം നേടിയത് ആകെ 3,38,917 പേരാണ്.
മെറിറ്റ് സീറ്റില്‍ 2,63,688 ഉം സ്പോര്‍ട്സ് ക്വാട്ടയില്‍ 3,574ഉം കമ്മ്യൂണിറ്റി ക്വാട്ടയില്‍ 18,901ഉം മാനേജ്മെന്റ് ക്വാട്ടയില്‍ 18,735ഉം അണ് എയ്ഡഡില്‍ 11,309ഉം വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത്. മെറിറ്റ് സീറ്റില്‍ പ്രവേശന വിവരങ്ങള്‍ നല്‍കാനുള്ള 565 പേര് അടക്കം ആകെ 3,16,772 പേരാണ് മുഖ്യഘട്ടത്തിലെ മൂന്നാം അലോട്ട്മെന്റ് അവസാനിച്ചപ്പോള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പ്രവേശനം നേടിയത്. വോക്കേഷണല്‍ ഹയര്‍സെക്കണ്ടറിയില്‍ 22,145 പേര് പ്രവേശനം നേടി. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവരുടെ കണക്കനുസരിച്ച് ഇനി പ്രവേശനം ലഭിക്കാനുള്ളത് 78,947 പേര്‍ക്കാണ്. എന്നാല്‍ ഇതില്‍ പലരും പോളിടെക്നിക്കുകളിലും ഐ.ടി.ഐകളിലും മറ്റു കോഴ്സുകളിലും പ്രവേശനം നേടിയിട്ടുണ്ട്. ബാക്കി അരലക്ഷത്തോളം കുട്ടികള്‍ സപ്ലിമെന്ററി അലോട്ട്മെന്റിനായി കാത്തിരിക്കുകയാണ്. ജൂലൈ 8 മുതല്‍ 12 വരെയാണ് സപ്ലിമെന്ററി അലോട്ട്മെന്റ് ഉള്ള അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുക.