പുസ്തകമിത്രം പുരസ്‌കാര സമര്‍പ്പണം ജൂലൈ 18ന്

പുസ്തകമിത്രം പുരസ്‌കാര സമര്‍പ്പണം ജൂലൈ 18ന്

കോഴിക്കോട്: കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.എന്‍.പണിക്കരുടെ സ്മരണാര്‍ത്ഥം സദ്ഭാവന ബുക്‌സ്, കോഴിക്കോട് നടത്തി വരുന്ന വായനാ മാസാചരണത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പുസ്തകമിത്രം പുരസ്‌കാരം ടി.എന്‍ പ്രതാപന്‍ എം.പിക്ക് ജൂലായ് 18 ചൊവ്വാഴ്ച തൃശൂര്‍ വിമല കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമര്‍പ്പിക്കും. വിമല കോളേജിന്റെ ബിരുദദാന ചടങ്ങിനോട് അനുബന്ധിച്ച് നടക്കുന്ന പുരസ്‌കാര സമര്‍പ്പണ പരിപാടിയില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. സദ്ഭാവന ബുക്‌സ് എഡിറ്റര്‍ സുനില്‍ മടപ്പള്ളി പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തും. ജൂറി അംഗവും യുവ എഴുത്തുകാരിയുമായ ട്രീസ അനില്‍ പ്രശസ്തിപത്രം വായിക്കും. ഒരു ലക്ഷം രൂപയും ഒരു ലക്ഷം രൂപ മുഖവിലയുള്ള 1000 പുസ്തകങ്ങളും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പ്രഥമ പുസ്തകമിത്രം പുരസ്‌കാരം. വായന പ്രോത്സാഹിപ്പിക്കുന്നതിന് മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന വ്യക്തികള്‍ക്കാണ് ഈ പുരസ്‌കാരം നല്‍കുന്നത്. പൊതുപരിപാടികളിലും സ്വകാര്യ ചടങ്ങുകളിലും പൂവ്, മാല, ബൊക്കെ, ഷാള്‍, മറ്റ് ഉപഹാരങ്ങള്‍ എന്നിവയ്ക്ക് പകരം പുസ്തകം സ്വീകരിച്ച് അത് കേരളത്തിലെ അര്‍ഹമായ വായനശാലകള്‍ക്ക് നല്‍കി. കഴിഞ്ഞ നാലു വര്‍ഷമായി ടി.എന്‍ പ്രതാപന്‍ നടത്തുന്ന നിശബ്ദ പ്രവര്‍ത്തനം മാനിച്ചാണ് പ്രഥമ പുസ്തകമിത്രം പുരസ്‌കാരത്തിന് ടി.എന്‍ പ്രതാപന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇത്തരത്തില്‍ സ്വീകരിച്ച ഒന്നര കോടി രൂപയുടെ 1,26,000 പുസ്തകങ്ങള്‍ കേരളത്തിലെ സ്‌കൂള്‍, കോളേജ്, പൊതുവായനശാലകള്‍ക്കായി നല്‍കി വരികയാണ്. ലോകത്തെ തന്നെ ആദ്യത്തെ സംഭവമാണിത്. പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്‍ ചെയര്‍മാനും കവിയും ഗാനരചയിതാവുമായ പി.പി. ശ്രീധരനുണ്ണി, ഗ്രന്ഥകാരനും ഹരിതം ബുക്‌സ് എഡിറ്ററുമായ പ്രതാപന്‍ തായാട്ട്, യുവ എഴുത്തുകാരി ട്രീസ അനില്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

Share

Leave a Reply

Your email address will not be published. Required fields are marked *