തേനി എം.പി ഒ.പി രവീന്ദ്രനാഥിന്റെ തെരഞ്ഞെടുപ്പ് വിജയം മദ്രാസ് ഹൈക്കോടതി അസാധുവാക്കി. ഇതോടെ തമിഴ്നാട്ടില്‍ അണ്ണാ ഡി.എം.കെയ്ക്ക് ഉണ്ടായിരുന്ന ഏക എം.പി സ്ഥാനവും നഷ്ടമായി. ഒ. പനീര്‍ശെല്‍വത്തിന്റെ മകനാണ് ഒ.പി രവീന്ദ്രനാഥ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 76,319 വോട്ടുകള്‍ക്കാണ് രവീന്ദ്രന് ജയിച്ചത്. എന്നാല്‍ വിജയം അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തിലെ വോട്ടറായ മിലാനിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
വോട്ടിനായി എം.പി തെരഞ്ഞെടുപ്പ് സമയത്ത് പണം നല്‍കിയെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നും ആരോപിച്ചാണ് ഹര്‍ജി നല്‍കിയത്. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന രവീന്ദ്രനാഥിന്റെ ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു.