പേവിഷബാധയേറ്റുള്ള മരണങ്ങളും തെരുവ്‌നായ്ക്കളുടെ ആക്രമണവും കൂടിവരുന്നത് ഫലപ്രദമായി തടയാന്‍ പ്രതിരോധകുത്തിവെയ്പ്പ് വേഗത്തിലാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. പ്രതിരോധനടപടികള്‍ എത്രയും വേഗത്തിലാക്കാന്‍ ഗോവ ആസ്ഥാനമായി പ്രവത്തിക്കുന്ന മിഷന്‍ റേബീസുമായി കൈകോര്ത്തു് കഴിഞ്ഞു. അവരുടെ പ്രതിരോധപ്രവത്തനങ്ങള്‍ വേഗത കൈവരിക്കുന്നതോടെ കേരളത്തില്‍ തെരുവ് നായ്ക്കളുടെ ആക്രമണം ഗണ്യമായി കുറയ്ക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
ലോക ജന്തുജന്യരോഗ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാര്‍ ഓണ്‌ലൈയനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷയം, നിപ, പക്ഷിപ്പനി, എലിപ്പനി, കുരങ്ങുപനി, ചെള്ളുപനി, ബ്രൂസല്ലോസിസ് തുടങ്ങി ഇന്ന് കണ്ടുവരുന്ന 75 ശതമാനം രോഗങ്ങളും ജന്തുജന്യ രോഗങ്ങളാണ്. അതു കണക്കിലെടുത്ത് പരിസ്ഥിതിയുമായി ജാഗ്രത പുലര്‍ത്തുന്നതിലൂടെ മാത്രമേ ജന്തുജന്യരോഗങ്ങളെ തടഞ്ഞുനിര്‍ത്താനാകൂ. ഏകാരോഗ്യം എന്ന ആശയം പ്രാവര്‍ത്തികമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി മൃഗസംരക്ഷണ വകുപ്പ് മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജന്തുജന്യരോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാന്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ എങ്ങനെ അതിജീവിക്കണം എന്ന വിഷയത്തില്‍ ഡോ.അരവിന്ദ് ആര്‍, ഡോ.സ്വപ്‌ന സൂസന്‍ എബ്രഹാം, ഡോ. ജിഷ രാജ് എന്നിവര്‍ ക്ലാസുകളെടുത്തു. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ജനറല്‍ സെക്രട്ടറി ഡോ.ഇര്‍ഷാദ്.എ സ്വാഗതം പറഞ്ഞ പരിപാടിയില്‍ ഡോ.എന്‍ മോഹനന്‍ (പ്രസിഡന്റ് ഐ.വി.എ, കേരള) അധ്യക്ഷത വഹിച്ചു. ഡോ. ജിജി ഭായ്, ഡോ.ഷീല സാലി ടി. ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ ഡോ.അജിത് കുമാര്‍ ജി.എസ് നന്ദി പറഞ്ഞു.