കൊച്ചിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു; പോലീസിന്റെ അനാസ്ഥയെന്ന് ആരോപണം

കൊച്ചിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു; പോലീസിന്റെ അനാസ്ഥയെന്ന് ആരോപണം

കൊച്ചി∙ കൊച്ചിയിൽ മകൻ അമ്മയെവെട്ടിക്കൊന്നു. തുരുത്തി അമ്പലത്തിനു സമീപം ബ്ലൂക്ലൗഡ് ഫ്ലാറ്റിൽ താമസിക്കുന്ന കാഞ്ഞിരമറ്റം വേലിൽ അച്ചാമ്മ ഏബ്രഹാം (70) ആണു മരിച്ചത്. സംഭവത്തിൽ മകൻ വിനോദ് ഏബ്രഹാം (42) പോലീസിന്റെ പിടിയിലായി.

അതേസമയം സംഭവം പോലീസിന്റെ അനാസ്ഥയാണെന്ന് ആരോപണം ഉയർന്നു. രാവിലെ മുതൽ മകൻ തന്നെ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് അയൽവാസിയെ അച്ചാമ്മ ഫോൺ വിളിച്ച് അറിയിച്ചിരുന്നു. ഡിവിഷൻ കൗൺസിലർ ഷീജ സാൻകുമാർ വിളിച്ചു പറഞ്ഞതുപ്രകാരം മരട് പൊലീസ് ഉച്ചയോടെ എത്തിയെങ്കിലും വീടിനകത്തു കയറാനായില്ല. ഇവിടെ പ്രശ്നം ഒന്നുമില്ലെന്നു വിനോദ് പറഞ്ഞതു വിശ്വസിച്ചു പൊലീസ് മടങ്ങുകയായിരുന്നു.

വൈകിട്ടായതോടെ വീടിനുള്ളിൽനിന്നു ബഹളമുയർന്നു. കൗൺസിലർ വീണ്ടും അറിയിച്ചതനുസരിച്ച് പൊലീസ് വീണ്ടുമെത്തിയെങ്കിലും വീട് തുറക്കാനായില്ല. വീട് തുറക്കണമെങ്കിൽ രേഖാമൂലം എഴുതിത്തരണമെന്ന് പൊലീസ് പറഞ്ഞതനുസരിച്ച് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഉടൻ എഴുതി നൽകി. വാതിൽ അകത്തുനിന്നു ബലമായി അടച്ചിട്ടിരുന്നതിനാൽ അഗ്നിരക്ഷാസേനയുടെ സഹായം പൊലീസ് തേടി.

രാത്രി എട്ടോടെ വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് അരും കൊല കണ്ടത്. അക്രമാസക്തനായിരുന്ന വിനോദിനെ പ്രയാസപ്പെട്ടാണ് കീഴടക്കിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *