* വടകര മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ലോകപ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും
* സ്മാര്‍ട്ട് കുറ്റ്യാടി പദ്ധതി ഇന്ത്യയിലെ ഏറ്റവും വലിയ പ്ലേ പാര്‍ക്കായ കുറ്റ്യാടി ആക്ടീവ് പ്ലാനറ്റുമായി സഹകരിച്ച് നടത്തുന്ന പരിപാടിയില്‍ 1300 വിദ്യാര്‍ഥികളെ ആദരിക്കും
കോഴിക്കോട്: കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികവിന്റെ പുരസ്‌കാരവുമായി കെ.പി കുഞ്ഞമ്മത്കുട്ടി മാസ്റ്റര്‍ എം.എല്‍.എയും ഇന്ത്യയിലെ ഏറ്റവും വലിയ പ്ലേ പാര്‍ക്കായ കുറ്റ്യാടി ആക്ടീവ് പ്ലാനറ്റും. മണ്ഡലത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ച കുട്ടികള്‍ക്കാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നത്. മികച്ച വിജയം കരസ്ഥമാക്കിയ സ്‌കൂളുകളെയും ആദരിക്കും. ജൂലൈ 10 തിങ്കളാഴ്ച രാവിലെ ഒന്‍പതിന് വടകര മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാടാണ് കുട്ടികളെ അനുമോദിക്കുന്നതും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നതും.
എം.എല്‍.എയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്മാര്‍ട്ട് കുറ്റ്യാടി, കുറ്റ്യാടി ആക്റ്റീവ് പ്ലാനറ്റുമായി സഹകരിച്ചാണ് വിജയോത്സവം 2023 എന്ന് പേരിട്ടിട്ടുള്ള പരിപാടി സംഘടിപ്പിക്കുന്നത്. 11 സ്‌കൂളുകളില്‍ നിന്നുള്ള 1300 വിദ്യാര്‍ഥികളെയാണ് ചടങ്ങില്‍ അനുമോദിക്കുന്നത്. കെ.പി കുഞ്ഞമ്മത്കുട്ടി മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനാകുന്ന ചടങ്ങില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയാകും. മണ്ഡലത്തിലെ വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഭാഗമായാണ് സ്മാര്‍ട്ട് കുറ്റ്യാടി പദ്ധതി ആരംഭിച്ചതെന്ന് എം.എല്‍.എ പറഞ്ഞു. വിദ്യാര്‍ത്ഥികളെയും സ്‌കൂളുകളെയും കൂടുതല്‍ വിജയങ്ങള്‍ കരസ്ഥരാക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതെന്ന് ആക്ടീവ് പ്ലാനറ്റ് എം.ഡി നിസാര്‍ അബ്ദുല്ല വ്യക്തമാക്കി. കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കും ആരോഗ്യപരമായ ഉന്നമനത്തിനുമായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് കെ.പി കുഞ്ഞമ്മത്കുട്ടി മാസ്റ്റര്‍ എം.എല്‍.എ സ്വീകരിക്കുന്ന നയങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടികള്‍ക്ക് ആരോഗ്യത്തോടെ ഉല്ലസിക്കാനുള്ള വഴി തുറന്ന സ്ഥാപനമാണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്ലേ പാര്‍ക്കായ കുറ്റ്യാടിയിലെ ആക്റ്റീവ് പ്ലാനറ്റ്. മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ എന്നിവക്ക് അടിമപ്പെട്ട് പോകുന്ന യുവ തലമുറയെ ഇതില്‍ നിന്ന് പുറത്തു കൊണ്ടുവരിക, പഠനത്തോടൊപ്പം പ്രകൃതിയും മണ്ണുമായും ഇണങ്ങിച്ചേര്‍ന്ന് ജീവിത വിജയം നേടാന്‍ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ആക്ടീവ് പ്ലാനറ്റ് സ്ഥാപിച്ചിട്ടുള്ളത്. ഇതിനായി നിരവധി ഫ്രീ സ്‌റ്റൈല്‍ റൈഡുകളും ലക്ഷക്കണക്കിന് സസ്യലതാതികളുമാണ് ഒരുക്കിയിട്ടുള്ളത്. കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് ആക്ടീവ് പ്ലാനറ്റ് നേതൃത്വം നല്‍കുന്നത്.