ന്യൂഡല്‍ഹി: ഭൂരിപക്ഷ സദാചാരം ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്. ന്യൂനപക്ഷ അവകാശം ഹനിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഏക സിവില്‍ കോഡെന്ന പേരില്‍ ഭൂരിപക്ഷ താല്‍പര്യം നടപ്പാക്കാന്‍ നോക്കുകയാണെന്നും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് വിമര്‍ശിച്ചു. നിയമ കമ്മീഷന് നല്‍കിയ മറുപടിയിലാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്. ഭരണഘടനയ്ക്ക് പോലും ഏക സ്വഭാവമില്ല. പല സമുദായങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും പ്രത്യേക പരിഗണന ഭരണഘടനയിലുണ്ട്. രാജ്യ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഏക സിവില്‍ കോഡ് എതിരാണെന്നും ബോര്‍ഡ് അഭിപ്രായപ്പെട്ടു.
ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്ന് പ്രധാനനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രഖ്യാപിച്ചതിന് പിന്നാലെ മുസ്‌ലിം വ്യക്തി നിയമബോര്‍ഡ് അടിയന്തര യോഗം ചേരുകയും ശക്തമായ നിലപാട് അറിയിക്കാന്‍ തീരുമാനിക്കുകയുും ചെയ്തിരുന്നു. യുസിസിയെ അനുകൂലിച്ച് ചില ആളുകളും രാഷ്ട്രീയ പാര്‍ട്ടികളും നല്‍കുന്ന ന്യായീകരണങ്ങളുടെ പൊള്ളത്തരങ്ങള്‍ സംബന്ധിച്ചും കത്തില്‍ മറുപടിയുണ്ടെന്ന് ബോര്‍ഡ് വക്താവ് എസ്‌ക്യൂ ആര്‍ ഇല്യാസ് പറഞ്ഞു.
രാജ്യത്തെ അടിസ്ഥാന രേഖയായ ഇന്ത്യന്‍ ഭരണഘടനയ്ക്ക് തന്നെ ഏകീകൃത സ്വഭാവമല്ല ഉള്ളതെന്നാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ വാദം. ചിലവിഭാഗങ്ങള്‍ക്ക് ഇത് പ്രത്യേക പദവി നല്‍കുന്നുണ്ട്. ” ഭരണഘടന അങ്ങനെ വിഭാവനം ചെയ്തിരിക്കുന്നത് രാജ്യത്ത് ഐക്യം നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ്. വ്യത്യസ്തമായുള്ള ക്രമീകരണങ്ങള്‍ , പരിഗണന,വിട്ടുവീഴ്ച എന്നിവ ഭരണഘടനയുടെ സ്വഭാവമാണ്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍, മതങ്ങള്‍, സമുദായങ്ങള്‍ എന്നിവയ്‌ക്കൊക്കെ ഭരണഘടന പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്,”കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരേ പാര്‍ലമെന്ററി സമിതി യോഗത്തില്‍ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. കോണ്‍ഗ്രസ്, ബിആര്‍എസ് , ഡിഎംകെ പാര്‍ട്ടികളാണ് യോഗത്തില്‍ എതിര്‍പ്പുന്നയിച്ചത്. ബില്ല് കൊണ്ടുവരുന്നതിന് സര്‍ക്കാരിന് ഇത്ര തിടുക്കമെന്തിനാണെന്നും പ്രതിപക്ഷ കക്ഷികള്‍ ചോദിച്ചിരുന്നു. എന്‍ഡിഎ സഖ്യകക്ഷികളടക്കം ഏകീകൃത സിവില്‍ കോഡിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.