ഡല്‍ഹി: മഹാരാഷ്ട്രയില്‍ പിളര്‍പ്പിനെ തുടര്‍ന്ന് രണ്ടായ എന്‍.സി.പിയുടെ ശരദ് പവാര്‍ വിഭാഗത്തിന്റെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പാര്‍ട്ടിയുടെ ഭാവി നടപടികള്‍ യോഗത്തില്‍ തീരുമാനിക്കും. ശരദ് പവാറിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി, പാര്‍ട്ടിയുടെ പേരും ചിഹ്നവും അവകാശപ്പെട്ട് അജിത് പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിനെ മറികടക്കുന്നതിനുള്ള മാര്‍ഗങ്ങളും ദേശീയ എക്‌സിക്യുട്ടീവ് യോഗം ചര്‍ച്ച ചെയ്യും. 21 പേരാണ് തെരഞ്ഞെടുക്കപ്പെട്ട എക്‌സിക്യുട്ടീവ് അംഗങ്ങള്‍. 21 പേരെയും യോഗത്തിനായി ക്ഷണിച്ചിട്ടുണ്ട്.
അതിനിടെ പിളര്‍പ്പ് ദേശീയ തലത്തില്‍ പാര്‍ട്ടിയെ ബാധിക്കില്ലെന്ന് എന്‍.സി.പി നേതാവ് പി.സി ചാക്കോ ഡല്‍ഹിയില്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ എം.എല്‍.എമാരുടെ കാലുമാറ്റത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ പാര്‍ട്ടി ചിഹ്നം നഷ്ടപ്പെടില്ല. കേരളം ഉള്‍പ്പെടെ രാജ്യത്തെ എല്ലാ ഘടകങ്ങളും പവാറിനൊപ്പമാണെന്ന് പി.സി ചാക്കോ ഡല്‍ഹിയില്‍ പറഞ്ഞു.
പ്രായം രാഷ്ട്രീയത്തില്‍ വെറും സംഖ്യ മാത്രമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു. ശരത് പവാര്‍ ശക്തമായി പ്രവര്‍ത്തിക്കുന്ന നേതാവാണെന്നും എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. ശരദ് പവാറിനുള്ള പിന്തുണ വ്യക്തമാക്കി കേരളത്തിലെ 57 ഭാരവാഹികള്‍ ഒപ്പിട്ട സത്യവാങ്മൂലവും തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കും.