കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് ആക്ടീവ് കോഴിക്കോടിന്റെ പ്രഥമ പ്രസിഡന്റ്, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി, എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച സി.രവീന്ദ്രന്റെ സ്മരണാര്‍ത്ഥം ആക്ടീവ് കോഴിക്കോട് ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരത്തിന് അഡ്വ.എം.രാജന് (കോഴിക്കോട്) അര്‍ഹനായി. ട്രേഡ് യൂനിയന്‍ നേതാവ്, ഡി.സി.സി മാധ്യമ വിഭാഗം ചെയര്‍മാന്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെനറ്റ് അംഗം തുടങ്ങി വിവിധ സാമൂഹ്യ-സാംസ്‌കാരിക ട്രേഡ് യൂനിയന്‍ മേഖലകളില്‍ സജീവ പങ്കാളിത്തം വഹിക്കുന്ന ആളെന്ന നിലയിലാണ് പുരസ്‌കാരം നല്‍കുന്നത്. ആക്ടീവ് പ്രസിഡന്റ് എ.കെ മുഹമ്മദാലി, ജനറല്‍ സെക്രട്ടറി പി.ഐ. അജയന്‍, കെ.പത്മകുമാര്‍, എം.കെ. ബീരാന്‍, എം.പി രാമകൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ ജൂറി കമ്മറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ശില്‍പവും 10001 രൂപയും അടങ്ങിയതാണ് പുരസ്‌കാരം. സി.രവീന്ദ്രന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായ ജൂലായ് 13ന് വൈകിട്ട് 4.30 ന് കോഴിക്കോട് ടൗണ്‍ഹാളില്‍ ആക്ടീവിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ കെ.പി.സി.സി. വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എ.യുമായ വി.ടി.ബല്‍റാം പുരസ്‌കാരം നല്‍കുന്നതാണ്. ഡി.സി.സി. പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍ കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. കോഴിക്കോട്ടെ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.