ബംഗളൂരു: സാഫ് കപ്പിലെ കലാശപ്പോരാട്ടത്തില്‍ കുവൈത്തിനെ തകര്‍ത്ത് ഇന്ത്യ. നിശ്ചിത സമയവും എക്സ്ട്രാ ടൈമും പിന്നിട്ട് ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലില്‍ കുവൈത്തിനെ 5-4ന് തോല്‍പ്പിച്ചാണ് ഇന്ത്യ ഒമ്പതാം സാഫ് കപ്പ് കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമും 1-1 സമനില പങ്കിട്ടതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഇന്ത്യന്‍ ഗോളി ഗുര്‍പ്രീത് സിങ് സന്ധുവിന്റെ തകര്‍പ്പന്‍ സേവാണ് ഇന്ത്യക്ക് ആവേശ കപ്പ് സമ്മാനിച്ചത്.ഷൂട്ടൗട്ടില്‍ ആദ്യ കിക്കെടുത്ത ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി പന്ത് പോസ്റ്റിലെത്തിച്ചു. എന്നാല്‍ മറുപടി കിക്കെടുത്ത കുവൈത്തിന്റെ മുഹമ്മദ് അബ്ദുല്ലയുടെ ഷോട്ട് പുറത്തുപോയി. ഇന്ത്യക്കായി രണ്ടാം കിക്കെടുത്ത സന്ദേശ് ജിങ്കനും വലകുലുക്കി. രണ്ടാം കിക്കെടുക്കാനെത്തിയ കുവൈത്തിന്റെ ഫവാസ് ലക്ഷ്യം കണ്ടു. മൂന്നാം കിക്കെടുത്ത ചാങ്തെ ഇന്ത്യക്കായി വലകുലുക്കിയപ്പോള്‍ കുവൈത്തിന്റെ അഹ്‌മദ് അല്‍ ദഫ്റിയും ലക്ഷ്യം കണ്ടു.
ഇന്ത്യക്കായി നാലാം കിക്കെടുത്ത ഉദാന്ത സിങ്ങിന് പിഴച്ചപ്പോള്‍ കുവൈത്തിന്റെ അബ്ദുല്‍സിസ് നാജി ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്കായി അഞ്ചാം കിക്കെടുത്ത സുബാശിഷ് ബോസും കുവൈത്തിനായി അഞ്ചാം കിക്കെടുത്ത ഷബീബ് അല്‍ ഖല്‍ദിയും വലകുലുക്കി. ഇതോടെ അഞ്ച് കിക്ക് പൂര്‍ത്തിയായപ്പോള്‍ ഇരു ടീമും 4-4 എന്ന നിലയില്‍. ഇന്ത്യക്കായി ആറാം കിക്കെടുക്കാനെത്തിയ മഹേഷ് സിങ് ലക്ഷ്യം കണ്ടപ്പോള്‍ കുവൈത്ത് നായകന്‍ ഖാലിദ് ഹാജിയയുടെ ഷോട്ട് തട്ടിയകറ്റി ഗുര്‍പ്രീത് സിങ് ഇന്ത്യക്ക് സാഫ് കപ്പ് കിരീടം സമ്മാനിക്കുകയായിരുന്നു.
4-2-3-1 ഫോര്‍മേഷനിലാണ് ഇരു ടീമും ബൂട്ടണിഞ്ഞത്. ഇന്ത്യയെ ഞെട്ടിച്ച് 14ാം മിനുട്ടില്‍ കുവൈത്ത് അക്കൗണ്ട് തുറന്നു. കൗണ്ടര്‍ അറ്റാക്കിലൂടെയാണ് കുവൈത്ത് വലകുലുക്കിയത്. ഇന്ത്യന്‍ പ്രതിരോധത്തിന്റെ ദൗര്‍ബല്യം മുതലാക്കി അല്‍ ബുലൗഷി ബോക്സിനകത്തേക്ക് പാസ് നല്‍കി.കുവൈത്തിന്റെ അപ്രതീക്ഷിത കൗണ്ടര്‍ അറ്റാക്കില്‍ ഇന്ത്യയുടെ പ്രതിരോധം കാഴ്ചക്കാരായപ്പോള്‍ മുന്നേറ്റ താരം അല്‍ ഖാല്‍ദി ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിനെ നിസ്സഹായനാക്കി പന്ത് വലയിലെത്തിച്ചു. ഗോള്‍ വഴങ്ങിയതോടെ ഇന്ത്യ ഉണര്‍ന്നു.
ഗോള്‍മടക്കാന്‍ കിണഞ്ഞു പരിശ്രമിച്ച ഇന്ത്യ 39ാം മിനുട്ടില്‍ ഗോള്‍ മടക്കി. ലാലിയന്‍സുവാല ചാങ്തെയാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്. ടീം വര്‍ക്കിലൂടെ ഇന്ത്യ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ അളന്നുമുറിച്ചുള്ള പാസ് ചാങ്തെ അനായാസം വലയിലാക്കി.രണ്ടാം പകുതിയിലും ആക്രമണ ഫുട്ബോളാണ് ഇരു ടീമും കാഴ്ചവെച്ചത്. 89ാം മിനുട്ടില്‍ ബോക്സിന് തൊട്ടുപുറത്തുനിന്ന് കുവൈത്തിന് ഫ്രീകിക്ക് ലഭിച്ചെങ്കിലും ഗോളാവാതെ ഇന്ത്യന്‍ പ്രതിരോധം തടുത്തു. 90ാം മിനുട്ടില്‍ കുവൈത്തിന്റെ ഗോള്‍ശ്രമം തകര്‍പ്പന്‍ സേവിലൂടെ ഗുര്‍പ്രീത് തട്ടിയകറ്റി. നിശ്ചിത സമയം പൂര്‍ത്തിയായപ്പോള്‍ ഇരു ടീമും 1-1 സമനില പങ്കിട്ടതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എട്ട് മഞ്ഞക്കാര്‍ഡുകളാണ് ഈ സമയത്തിനുള്ളില്‍ റഫറി പുറത്തെടുത്തത്.
എക്സ്ട്രാ ടൈമില്‍ അതിവേഗ മുന്നേറ്റങ്ങള്‍ നടത്തി കുവൈത്ത് ഇന്ത്യയെ ഞെട്ടിച്ചു. ഇരു ടീമിന്റെയും ഗോള്‍ ശ്രമങ്ങളൊന്നും ലക്ഷ്യത്തിലേക്കെത്താതെ വന്നതോടെ 1-1 സമനിലയോടെ എകസ്ട്രാ ടൈമും അവസാനിച്ചു. ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവില്‍ ഇന്ത്യ 5-4ന്റെ ജയം നേടിയെടുക്കുകയായിരുന്നു.