തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. പാലക്കാട് ജില്ലയില്‍ 12 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കോഴിക്കോട് ചാലിയത്ത് നിന്ന് കടലില്‍ പോയ മത്സ്യബന്ധന ബോട്ട് കടലില്‍ കുടുങ്ങി. ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നതിനു മുന്‍പ് പോയ ബോട്ടാണ് കടലില്‍ അകപ്പെട്ടത്. ബോട്ടിലെ അഞ്ചുപേരും സുരക്ഷിതരെന്ന് കോസ്റ്റല്‍ പൊലീസ് അറിയിച്ചു. ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും അധികൃതര്‍ അറിയിച്ചു.
മലപ്പുറത്ത് മിന്നല്‍ ചുഴലിയടിച്ചു. മൂന്നു മിനിട്ടോളാം നീണ്ടു നിന്ന അതി ശക്തമായ കാറ്റാണ് വീശിയടിച്ചത്. മലപ്പുറം കൊണ്ടോട്ടി ഒമാനൂരിലെ കൊടക്കാടാണ് അതി ശക്തമായ കാറ്റ് വീശി അടിച്ചത്. നിരവധി മരങ്ങള്‍ കടപുഴകി വീണു. 15ലേറെ വീടുകള്‍ക്ക് കേടു പറ്റി. വൈദ്യുതി ബന്ധം പൂര്‍ണമായും തകരാറിലായി. ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോഴിക്കോട് ഒഴുക്കില്‍ പെട്ട് യുവാവിനെ കാണാതായി. ഏറാമല കൊമ്മിണേരി പാലത്തില്‍ നിന്ന് കനാലിലേക്ക് വീണ യുവാവിനെയാണ് കാണാതായത്. പുളിയുള്ള പറമ്പത്ത് ബിജീഷ് ആണ് മീന്‍ പിടിക്കുന്നതിനിടെ കനാലില്‍ വീണത്. പൊലീസും അഗ്‌നിരക്ഷാസേനയും തിരച്ചില്‍ നടത്തുന്നു.
മഴ കനത്തതോടെ പത്തനംതിട്ട ജില്ലയില്‍ 27 ക്യാമ്പുകള്‍ തുറന്നു. 581 പേരെ മാറ്റി പാര്‍പ്പിച്ചു. കോഴഞ്ചേരി താലൂക്കില്‍ രണ്ടു ക്യാമ്പുകളിലായി 22 പേരും മല്ലപ്പള്ളി താലൂക്കില്‍ 10 ക്യാമ്പുകളിലായി 194 പേരും തിരുവല്ല താലൂക്കില്‍ 15 ക്യാമ്പുകളിലായി 365 പേരും ഉള്‍പ്പെടെ ആകെ 581 പേരെയാണ് മാറ്റിപാര്‍പ്പിച്ചിട്ടുള്ളത്. കോഴഞ്ചേരിയില്‍ ഏഴും മല്ലപ്പള്ളിയില്‍ 51 ഉം തിരുവല്ലയില്‍ 113 ഉം കുടുംബങ്ങളാണ് ക്യാമ്പുകളില്‍ കഴിയുന്നത്.