വൈറ്റ് ഹൗസില്‍ നിന്ന് കണ്ടെത്തിയത് കൊക്കെയ്ന്‍; അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

വൈറ്റ് ഹൗസില്‍ നിന്ന് കണ്ടെത്തിയത് കൊക്കെയ്ന്‍; അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

വാഷിങ്ടണ്‍ ഡിസി: വൈറ്റ് ഹൗസില്‍ നിന്ന് കണ്ടെത്തിയ വെളുത്ത പൊടി് കൊക്കെയ്ന്‍ ആണെന്ന് പോലിസ്. പ്രാഥമിക പരിശോധന ഫലങ്ങളെ അവലംബിച്ചാണ് പോലിസ് റിപ്പോര്‍ട്ട്. വെസ്റ്റ് വിങില്‍ നിന്നാണ് പൊടി കണ്ടെത്തിയത്. പതിവ് പരിശോധനയ്ക്കിടെ വാഷിങ്ടണ്‍ ഡിസി അഗ്നിശമന സേന വിഭാഗത്തിലെ അംഗമാണ് പദാര്‍ത്ഥം കണ്ടെടുത്തത്. കണ്ടെത്തിയ പദാര്‍ത്ഥം അപകടകരമല്ലെന്നാണ് വിലയിരുത്തലെന്നും ഡിസി അഗ്നിശമന വിഭാഗം വ്യക്തമാക്കി. എങ്ങനെയാണ് ഇത് എത്തിയതെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.

പ്രസിഡന്റ് ജോ ബൈഡന്‍ താമസിക്കുന്ന എക്‌സിക്യൂട്ടീവ് മാന്‍ഷനോട് ചേര്‍ന്നാണ് വെസ്റ്റ് വിങ്. ഓവല്‍ ഓഫീസ്, കാബിനറ്റ് റൂം, പ്രസ്സ് ഏരിയ, പ്രസിഡന്റിന്റെ സ്റ്റാഫിനുള്ള ഓഫീസുകള്‍, വര്‍ക്ക്‌സ്‌പേസ് എന്നിവയെല്ലാം ഇവിടെയാണുള്ളത്. സംഭവത്തെ തുടര്‍ന്ന് ഉയര്‍ന്ന സുരക്ഷ അലേര്‍ട്ട് പ്രഖ്യാപിക്കുകയും വൈറ്റ് ഹൗസ് ഹ്രസ്വമായി ഒഴിപ്പിച്ചതായും രഹസ്യാന്വേഷണ വക്താവ് ആന്റണി ഗുഗ്ലിയല്‍മി പറഞ്ഞു. വൈറ്റ് ഹൗസിന് ചുറ്റുമുള്ള റോഡുകളും രഹസ്യാന്വേഷണ വിഭാഗം അടച്ചു. ഈ പദാര്‍ത്ഥം വൈറ്റ് ഹൗസില്‍ എങ്ങനെ പ്രവേശിച്ചുവെന്നതിന്റെ കാരണവും രീതിയും സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും ഗുഗ്ലിയല്‍മി പറഞ്ഞു.

ഒരു റഫറന്‍സ് ലൈബ്രറിയില്‍ നിന്നാണ് ഈ പദാര്‍ത്ഥം കണ്ടെത്തിയത് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊക്കെയ്ന്‍ കണ്ടെടുത്ത സമയത്ത് പ്രസിഡന്റ് ജോ ബൈഡന്‍ ക്യാംപ് ഡേവിഡിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും മേരിലാന്‍ഡിലെ പ്രസിഡന്‍ഷ്യല്‍ റിട്രീറ്റില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ വൈറ്റ് ഹൗസിലേക്ക് മടങ്ങി.

Share

Leave a Reply

Your email address will not be published. Required fields are marked *