റിയാദ് കെ.എം.സി.സി പ്രവാസി കുടുംബ സുരക്ഷാ പദ്ധതി വിജയകരമായ അഞ്ചാം വര്‍ഷത്തിലേക്ക്

റിയാദ് കെ.എം.സി.സി പ്രവാസി കുടുംബ സുരക്ഷാ പദ്ധതി വിജയകരമായ അഞ്ചാം വര്‍ഷത്തിലേക്ക്

റിയാദ്: കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നടപ്പിലാക്കി വരുന്ന പത്ത് ലക്ഷം രൂപയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതി വിജയകരമായ അഞ്ചാം വര്‍ഷത്തിലേക്ക്. അഞ്ചാം ഘട്ട അംഗത്വ കാംപയിന്റെ ഉദ്ഘാടനം കെ.എം.സി.സി ഓഫിസില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ മുഹമ്മദ് ചേലേമ്പ്രക്ക് ഫോം നല്‍കി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ് പയ്യന്നൂര്‍ അധ്യക്ഷനായിരുന്നു.

നാല് വര്‍ഷ കാലയളവിനിടയില്‍ കുടുംബ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ 24 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇവരുടെ ആശ്രിതര്‍ക്ക് 2.40 കോടി രൂപയാണ് ഇതിനകം വിതരണം ചെയ്തിട്ടുള്ളത്. കൂടാതെ 12 ലക്ഷം രൂപ ചികിത്സാ സഹായമായും നല്‍കി. രണ്ടാഴ്ച മുമ്പ് കോഴിക്കോട് വെച്ച് നടന്ന പരിപാടിയില്‍ നാലാം ഘട്ട പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ട ഏഴ് പേരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപ വീതവും, ചികിത്സാ സഹായവുമടക്കം 75 ലക്ഷം രൂപയുടെ ധനസഹായം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്തിരുന്നു. അതാത് സമയങ്ങളില്‍ തന്നെ പദ്ധതിവിഹിതം അര്‍ഹരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായിട്ടാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പൊതുവെ കണ്ടുവരുന്ന നൂലാമാലകളൊന്നുമില്ലാതെ വളരെ ലളിതമായിട്ടാണ് സഹായം അര്‍ഹരായ കുടുംബങ്ങളിലേക്കെത്തിക്കുന്നത്.

2019ലാണ് സെന്‍ട്രല്‍ കമ്മിറ്റി പ്രവാസി കുടുംബ സുരക്ഷാ പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെടുന്ന വ്യക്തിയുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപയാണ് ഇത് വഴി നല്‍കി വരുന്നത്. ഇതാദ്യമായാണ് ഇത്രയും വലിയ തുക പ്രഖ്യാപിക്കപ്പെട്ട ഒരു പദ്ധതി പ്രവാസ ലോകത്ത് നടപ്പിലാവുന്നത്. അതുകൊണ്ട് തന്നെ പൊതുസമൂഹത്തില്‍ നിന്നും തുടക്കത്തില്‍ തന്നെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. വര്‍ഷം തോറും പദ്ധതിയില്‍ ഭാഗമാവുന്ന പ്രവാസികളുടെ എണ്ണം കൂടി വന്നു. റിയാദിലുള്ള പ്രവാസികളായ ആര്‍ക്കും മത, കക്ഷി, രാഷ്ട്രീയ ഭേദമന്യേ പദ്ധതിയില്‍ അംഗമാവാന്‍ കഴിയുമെന്നത് ഇതിന്റെ പൊതുസ്വീകാര്യതക്ക് ആക്കം കൂട്ടി.

കുടുംബ നാഥന്റെ വിയോഗത്തെ തുടര്‍ന്ന് പ്രവാസി കുടുംബങ്ങളില്‍ പലരും വലിയ സാമ്പത്തിക പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. പദ്ധതി വിഹിതവുമായി വീട്ടിലെത്തുന്ന സംഘടനാ ഭാരവാഹികള്‍ക്ക് അതിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്ന പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. മറ്റുള്ളവര്‍ പ്രയാസപ്പെടുമ്പോള്‍ അവരുടെ കണ്ണീരൊപ്പാന്‍ പ്രവാസികള്‍ മുന്‍പന്തിയില്‍ തന്നെയുണ്ടാവാറുമുണ്ട്. ഇത്തരം പ്രവാസികള്‍ മരണപ്പെട്ടു കഴിഞ്ഞാല്‍ ആ കടുംബം നിത്യ ദുരിതത്തിലേക്കാണ് നയിക്കപ്പെടുന്നത്. അവിടെയാണ് കെ.എം.സി.സിയുടെ ഈ കാരുണ്യ പദ്ധതി ആ കുടുംബത്തിന് തണലായി മാറുന്നത്.

പ്രവാസ ലോകത്ത് ജീവ കാരുണ്യ പ്രവത്തനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കെ.എം.സി.സി ഘടകമാണ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. കഴിഞ്ഞ ആറ് വര്‍ഷക്കാലയളവില്‍ പ്രസിഡന്റ് സി.പി മുസ്തഫയുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി നടത്തിയ പ്രവര്‍ത്തങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കൊവിഡ് കാലത്ത് നടത്തിയ ചികിത്സാ സഹായങ്ങളും, ഭക്ഷ്യ, മരുന്ന് വിതരണവും കൗണ്‍സിലിംഗും ആയിരങ്ങള്‍ക്കാണ് ആശ്വാസമായത്. ഒരു കൂട്ടം പ്രവര്‍ത്തകര്‍ രാവും പകലുമില്ലാതെ നടത്തിയ ‘കൊവിഡ് മിഷന്‍’ പ്രവര്‍ത്തനം വഴി നിരവധിയാളുകള്‍ക്ക് തക്ക സമയത്ത് ചികിത്സ ലഭ്യമാക്കാനും രക്ഷിക്കാനുമായി. സദാ സേവന സന്നദ്ധരായ പ്രവര്‍ത്തകരും ആംബുലന്‍സ് സംവിധാനവും അന്ന് കെ.എം.സി.സിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായിരുന്നു. കേരളത്തില്‍ ഉടനീളമുള്ള സി എച്ച് സെന്ററുകളെ സഹായിക്കാന്‍ റമദാനില്‍ ഏകീകൃത ഫണ്ട് സമാഹരണം വഴി ലക്ഷക്കണക്കിന് രൂപയുടെ സഹായമാണ് റിയാദ് കെ.എം.സി.സി വര്‍ഷങ്ങളായി നല്‍കി വരുന്നത്.
യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ യു.പി മുസ്തഫ, മുജീബ് ഉപ്പട, അബ്ദുറഹ്‌മാന്‍ ഫറോക്ക്, റസാഖ് വളക്കൈ, അക്ബര്‍ വേങ്ങാട്ട് കൂടാതെ ജില്ലാ, മണ്ഡലം, ഏരിയാ ഭാരവാഹികളും പ്രധാന പ്രവര്‍ത്തകരും ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി കബീര്‍ വൈലത്തൂര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ബാവ താനൂര്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *