ഭോപ്പാല്‍: ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ചയാളെ മധ്യപ്രദേശില്‍ പോലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി വൈകി അറസ്റ്റ് ചെയ്ത ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ദേശീയ സുരക്ഷ നിയമം, എസ്സി/എസ്ടി ആക്റ്റ്, ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ മറ്റ് വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നിലത്തിരിക്കുന്ന യുവാവിന്റെ ദേഹത്തേക്ക് സിഗരറ്റ് വലിച്ചുകൊണ്ട് പ്രവേഷ് ശുക്ല മൂത്രമൊഴിക്കുന്ന വീഡിയോ വൈറലായിരുന്നു. പിന്നാലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
ശുക്ല ബി.ജെ.പിയുടെ സിദ്ദി എം.എല്‍.എ കേദാര്‍നാഥ് ശുക്ലയുടെ കൂട്ടാളിയാണ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബി.ജെ.പി എം.എല്‍.എയായ രാജേന്ദ്ര ശുക്ലക്കൊപ്പമുള്ള പ്രതിയുടെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ബി.ജെ.പി ഇത് നിഷേധിച്ചു. 36കാരനായ ദസ്മത് രാവത്തിന് നേരെയാണ് ശുക്ല അതിക്രമം നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ശുക്ലയുടെ ഭാര്യയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തിരുന്നു. ശുക്ലയെ കുടുക്കുന്നതിനായി ആരോ വ്യാജമായി നിര്‍മിച്ചതാണെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍ ഇത് രാവത്തിനെ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.